X
    Categories: gulfNews

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു. കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലയളവില്‍ ആഗോള കണക്ടിവിറ്റി നല്‍കുന്ന മുന്‍നിര രാജ്യാന്തര വിമാനക്കമ്പനിയെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്. സെപ്തംബര്‍ പകുതിയോടെ ഖത്തര്‍ എയര്‍വേയ്സ് 85 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 650 ലധികം പ്രതിവാര വിമാനസര്‍വീസുകള്‍ നടത്തും. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍പ്പോലും മിക്ക ഭൂഖണ്ഡങ്ങളിലേയും സാധ്യമായ ഇടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തിയിട്ടുണ്ട്. ഒരുഘട്ടത്തിലും ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 30ല്‍ താഴേക്കുപോയിട്ടില്ല. സെപ്തംബറില്‍ അഞ്ചു നഗരങ്ങളിലേക്കു കൂടി വീണ്ടും സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. മറ്റേതൊരു എയര്‍ലൈനിനേക്കാളും കൂടുതല്‍ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകളാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത്. ഹൂസ്്റ്റണിലേക്ക് ഈ മാസം രണ്ടു മുതല്‍ മൂന്നു പ്രതിവാര സര്‍വീസ് തുടങ്ങിയിട്ടുണ്ട്. 15 മുതല്‍ സര്‍വീസ് നാലായി വര്‍ധിപ്പിക്കും. കാഠ്മണ്ഡുവിലേക്ക് അഞ്ച് മുതല്‍ ഒരു പ്രതിവാര സര്‍വീസ് തുടങ്ങും. മൊഗാദിഷുവിലേക്ക് ആറു മുതലും ഫിലാഡല്‍ഫിയയിലേക്കും സിലാകോട്ടിലേക്കും 16 മുതലും മൂന്നു വീതം പ്രതിവാര സര്‍വീസുകള്‍ തുടങ്ങും. അങ്കാറ, ബാഗ്ദാദ്, ബസ്ര, ജിബൗത്തി, എര്‍ബില്‍, ഹോ ചി മിന്‍ നഗരം, ലണ്ടന്‍ ഹീത്രൂ, ന്യുയോര്‍ക്ക്, സുലൈമാനിയ എന്നിവിടങ്ങളിലേക്ക് നിലവിലെ സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഖത്തറിലെ ദേശീയ വിമാനക്കമ്പനി ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായി തുടരുകയാണ്. ബോയിങ് 787 എയര്‍ക്രാഫ്റ്റുകളും എയര്‍ബസ് എ350 എയര്‍ക്രാഫ്റ്റുകളുമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്്. താല്‍ക്കാലികമായി നിര്‍ത്തിവെച്ച റൂട്ടുകള്‍ ക്രമേണ പുനസ്ഥാപിക്കും. കൂടാതെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കും പങ്കാളിത്ത ഹബ്ബുകളിലേക്കും അധികസര്‍വീസുകളും നടത്തും. അതാത് രാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും സര്‍വീസുകള്‍.

 

web desk 1: