സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സിന് നല്‍കിയ ലൈസന്‍സുകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി. സഊദിയിലെ ഖത്തര്‍ എയര്‍വെയ്‌സിന്റെ മുഴുവന്‍ ഓഫീസുകളും 48 മണിക്കൂറിനകം പൂട്ടാനും ഉത്തരവിട്ടു. ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രക്ക് ടിക്കറ്റ് വാങ്ങിയവര്‍ വിമാന കമ്പനികളുമായോ ട്രാവല്‍ ഏജന്‍സികളുമായോ ബന്ധപ്പെട്ട് തുക തിരികെ ഈടാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പ്രതിവാരം 824 സര്‍വീസുകള്‍ നടത്തിയിരുന്നു. റിയാദ്, ജിദ്ദ, ദമാം, മദീന, അല്‍ഖസീം, അബഹ, അല്‍ഹസ, തായിഫ്, യാമ്പു എന്നിവിടങ്ങളിലേക്ക് 324 ഉം യു.എ.ഇ വിമാനത്താവളങ്ങളിലേക്ക് 370 ഉം ബഹ്‌റൈനിലേക്ക് 78 ഉം ഈജിപ്തിലേക്ക് 52 ഉം സര്‍വീസുകളാണ് പ്രതിവാരം ഖത്തര്‍ എയര്‍വെയ്‌സ് നടത്തിയിരുന്നത്. സഊദിയില്‍ നിന്ന് മലയാളികള്‍ അടക്കം പ്രവാസികള്‍ ദോഹ വഴി ട്രാന്‍സിറ്റായി സ്വദേശങ്ങളിലേക്കുള്ള യാത്രക്ക് ഖത്തര്‍ എയര്‍വെയ്‌സ് ആണ് ആശ്രയിച്ചിരുന്നത്. സഊദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ വ്യോമമേഖലകള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ആണ് ഖത്തര്‍ എയര്‍വെയ്‌സ് നേരിടുന്ന മറ്റൊരു വലിയ തിരിച്ചടി. നാല് രാജ്യങ്ങളും വ്യോമ മേഖലകള്‍ അടച്ചത് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലെ ചില രാജ്യങ്ങളിലേക്കും കൂടുതല്‍ ദൈര്‍ഘ്യമേറിയ വളഞ്ഞ വഴികള്‍ ഉപയോഗിക്കുന്നതിന് കമ്പനി നിര്‍ബന്ധിതമാകും. ഇത് ചെലവും യാത്രാ ദൈര്‍ഘ്യവും വര്‍ധിപ്പിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഖത്തര്‍ എയര്‍വെയ്‌സ് സോമാലിയയുടെ വ്യോമമേഖല ഉപയോഗിക്കാന്‍ തുടങ്ങിയതായി സോമാലിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സഊദി സര്‍വീസുകള്‍ റദ്ദാക്കുന്നത് വഴി മാത്രം ഖത്തര്‍ എയര്‍വെയ്‌സിന് പ്രതിദിനം അര കോടിയോളം റിയാലിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ദേശീയ സുരക്ഷക്ക് സംരക്ഷണം നല്‍കുന്നതിന് അന്താരാഷ്ട്ര നിയമം വകവെച്ച് നല്‍കുന്ന പരമാധികാരത്തിന്റെ ഭാഗമായാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. സൗദി അറേബ്യയിലെ ദേശീയൈക്യം തകര്‍ക്കുന്നതിന് രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുകയും ദേശവിരുദ്ധ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ഭീകര സംഘടനകള്‍ക്ക് അഭയം നല്‍കുകയും ചെയ്തതിന്റെ ഫലമായാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. ഖത്തര്‍ ഭരണാധികാരികളുടെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഖത്തര്‍ ജനതക്ക് താങ്ങായി നില്‍ക്കുന്നത് സഊദി അറേബ്യ തുടരുമെന്നും മന്ത്രിസഭാ യോഗം പറഞ്ഞു. ഖത്തര്‍ ബാങ്കുകളുമായി ഖത്തര്‍ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തരുതെന്ന് സഊദി അറേബ്യയിലെ ബാങ്കുകളോട് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ആവശ്യപ്പെട്ടു. ഖത്തര്‍ റിയാല്‍ ക്രയവിക്രയം സഊദി ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഖത്തര്‍ റിയാല്‍ വാങ്ങുന്നത് ബാങ്കുകള്‍ നിര്‍ത്തിവെക്കണമെന്നും തങ്ങളുടെ പക്കലുള്ള ഖത്തര്‍ റിയാല്‍ ശേഖരം എത്രയും വേഗം കൈയൊഴിയണമെന്നും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖത്തര്‍ റിയാല്‍ ക്രയവിക്രയത്തിന് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഈജിപ്ഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.