X

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമെന്ന് അമേരിക്ക

 

ദോഹ: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും ഇക്കാര്യത്തില്‍ രാജ്യം നിര്‍ണായക ചുവടുവയ്പ്പുകളാണ് നടത്തുന്നതെന്നും അമേരിക്ക. ഐഎസ്, അല്‍ഖായിദ, മറ്റു തീവ്രവാദഗ്രൂപ്പുകള്‍ എന്നിവയ്‌ക്കെതിരായ ക്യാമ്പയിനില്‍ രാജ്യാന്തര സമൂഹത്തിനും അമേരിക്കയ്ക്കും പിന്തുണ നല്‍കുന്നതിലുള്‍പ്പടെ സമീപമാസങ്ങളില്‍ ഖത്തര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഖത്തറുമായി നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലും തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നത് പ്രതിരോധിക്കുന്നതിലുമുള്‍പ്പടെ പുരോഗമിക്കുന്നു.ദോഹയുമായി തുടര്‍ന്നും ശക്തമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് തങ്ങള്‍ ഉറ്റുനോക്കുന്നത്.
ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി മേഖലയിലെ മറ്റു രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യപ്പെടുന്നു- കൗണ്ടര്‍ ടെററിസം കോ-ഓര്‍ഡിനേറ്റര്‍ നഥാന്‍ സെയ്ല്‍സ് ഗള്‍ഫ് ടൈംസിനോടു പ്രതികരിച്ചു. ഐഎസ്, മറ്റു തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിന്റെ അടുത്തഘട്ടത്തെക്കുറിച്ചും സെയ്ല്‍സ് വിശദീകരിച്ചു.
സിറിയയിലും ഇറാഖിലും ഐസിസിനെ തകര്‍ക്കുന്നതില്‍ വലിയ വിജയം കൈവരിക്കുകയും ലക്ഷക്കണക്കിന് ജനങ്ങളെ അവരില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരത്തെയും അമേരിക്ക പ്രശംസിച്ചിട്ടുണ്ട്. പ്രതിരോധ, തീവ്രവാദവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഈ വര്‍ഷം ജനുവരിയില് നടന്ന പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്രസംവാദത്തില്‍ ധാരണയായിരുന്നു.
രാഷ്ട്രീയ പങ്കാളിത്തത്തിനും പൊതു നയ മുന്‍ഗണനകള്‍ സൃഷ്ടിക്കുന്നതിനുമായി വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കും. സുരക്ഷ സഹകരണത്തില്‍ സംയുക്ത പ്രഖ്യാപനം നടത്താനും തീരുമാനമായതാണ്.
സമാധാനവും സ്ഥിരതയും പ്രചരിപ്പിക്കുന്നതിനും തീവ്രവാദത്തിന്റെ അപകടങ്ങള്‍ എതിര്‍ക്കാനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇക്കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. തീവ്രവാദവിരുദ്ധ പോരാട്ട സഹായ പരിശീലന പദ്ധതി ഉടന്‍ തന്നെ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മറ്റിസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

chandrika: