X

ഇസ്‌ലാം വിരുദ്ധ നീക്കം; ഫ്രാന്‍സിനെതിരെ ഖത്തറില്‍ നടപടികള്‍ തുടങ്ങി

അശ്‌റഫ് തൂണേരി

ദോഹ: ഫ്രാന്‍സിലെ ഇസ്ലാമിക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഖത്തറില്‍ പ്രതിഷേധ നടപടികള്‍ ശക്തമാവുന്നു. ഖത്തര്‍ സര്‍ക്കാറിന് കീഴിലെ സ്ഥാപനങ്ങളാണ് നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍ ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീര ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്‍സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്‍ സര്‍വ്വകലാശാല വിശദീകരിച്ചു. ഇസ്്‌ലാമിനെ മുന്‍വിധിയോടെ കാണുന്നതും അതിന്റെ പവിത്രതയേയും അടയാളങ്ങളേയും അവമതിക്കുന്നതും ഒരു നിലക്കും അനുവദനീയമല്ല. ആധുനിക സമൂഹത്തിലെ മാനവിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും നിരക്കാത്ത നടപടി കൂടിയാണിതെന്നും ഖത്തര്‍ യൂണിവേഴ്‌സിറ്റി ട്വിറ്റര്‍ എക്കൗണ്ടിലൂടെ വ്യക്തമാക്കി.
ട്വിറ്ററിലൂടെ തന്നെയാണ് ഖത്തര്‍ ദേശീയ കമ്പനിയായ അല്‍മീര ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്. മതങ്ങളേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്നതിനാല്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം.

ഫ്രാന്‍സില്‍ പ്രവാചകനെ അവമതിക്കുന്ന കാരിക്കേച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ച സാമുവല്‍ പാറ്റിയെന്ന 47കാരന്‍ അധ്യാപകന്‍ ഒരു കൗമാരക്കാരനാല്‍ കൊല്ലപ്പെടുകയുണ്ടായി. ഈ നടപടി ഇസ്ലാമിക ലോകവും രാജ്യങ്ങളും പണ്ഡിതരുമെല്ലാം അങ്ങേയറ്റം അപലപിക്കുകയും മതവിരുദ്ധ നടപടിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന്റെ മറവില്‍ ഇസ്ലാം ഭീതി (ഇസ്ലാമോഫോബിയ) പടര്‍ത്താന്‍ ചിലര്‍ ശ്രമം നടത്തുകയായിരുന്നു. ഫ്രഞ്ച് അധികൃതരുടെ ഭാഗത്ത് നിന്നു വരെ ഇസ്്‌ലാം വിരുദ്ധ പ്രസ്താവനകളും നീക്കങ്ങളും ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

 

web desk 1: