ദോഹ: മധ്യപൂര്‍വ്വേഷ്യ കഠിനമായ തണുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ സിറിയയിലും ഇറാഖിലുമുള്ള പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് ഖത്തറിലെ വിവിധ ജീവകാരുണ്യ സംഘടനകള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. യുഎന്‍എച്ച്‌സിആര്‍ കണക്കു പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷം 48 ലക്ഷം സിറിയക്കാരാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. 2016ല്‍ മാത്രം 87 ലക്ഷം സിറിയക്കാര്‍ കൂടി അഭയാര്‍ഥികളാക്കപ്പെടുമെന്നാണു കണക്ക്. അതേസമയം ഇറാഖില്‍ 32 ലക്ഷം ആഭ്യന്തര അഭയാര്‍ഥികളുണ്ട്. 40 ലക്ഷം പേര്‍ രാജ്യം വിട്ട് പലായനം ചെയ്തു.
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്), ഈദ് ചാരിറ്റി, ഖത്തര്‍ ചാരിറ്റി, റാഫ് എന്നീ സംഘടനകള്‍ ഇതിനകം തണുപ്പ് കാല കാംപയ്ന്‍ ആരംഭിച്ചിട്ടുണ്ട്. തണുപ്പ് കാലത്തേക്കുള്ള ഭക്ഷണം, വസ്ത്രം, പുതപ്പ്, ഷെല്‍ട്ടര്‍ എന്നിവയ്ക്ക് വേണ്ടിയാണ് ശേഖരിക്കുന്ന പണം ഉപയോഗിക്കുക. വീടുകളുടെ സുരക്ഷിതത്വത്തില്‍ കഴിയുന്ന നമ്മള്‍ വീടും ജീവനോപാഥികളും നഷ്ടപ്പെട്ട വിധവകളെയും അനാഥകളെയും വൃദ്ധരെയും രോഗികളെയും മറക്കരുതെന്ന് ക്യുആര്‍സിഎസ് സെക്രട്ടറി ജനറല്‍ അലി ഹസന്‍ അല്‍ഹമ്മാദി പറഞ്ഞു.
വാം വിന്റര്‍ എന്ന കാംപയ്ന്‍ വഴി ഒരു കോടി റിയാല്‍ ഉപയോഗിച്ച് 2,06,000 പേര്‍ക്ക് സഹായമെത്തിക്കാനാണ് ക്യുആര്‍സിഎസ് പദ്ധതി. സിറിയ, ഇറാഖ്, യമന്‍, അഫ്്ഗാനിസ്താന്‍, കിര്‍ഗിസ്താന്‍, എന്നീ രാജ്യങ്ങളിലേക്കും ലബ്്‌നാനിലും ജോര്‍ദാനിലുമുള്ള അഭയാര്‍ഥികള്‍ക്കുമാണ് സഹായം നല്‍കുക. ഓണ്‍ലൈന്‍ വഴിയോ ഹോട്ട്‌ലൈന്‍(66666364, 66644822) നമ്പറുകള്‍ വഴിയോ സഹായമെത്തിക്കാം. ബാങ്ക് ട്രാന്‍സ്ഫര്‍, എസ്എംഎസ് സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.
തണുപ്പിന് മുമ്പ് അവരിലേക്കെത്തുക എന്ന പേരിലാണ് ഈദ് ചാരിറ്റി കാംപയ്ന്‍. 3.5 കോടി റിയാല്‍ ചെലവില്‍ മൂന്ന് ലക്ഷം പേര്‍ക്കാണ് സഹായം നല്‍കുക. കാരവന്‍ ഷെല്‍ട്ടറുകള്‍, ഭക്ഷണ കൂടകള്‍, ചൂട് ഭക്ഷണം, കുട്ടികള്‍ക്കുള്ള പാല്‍, ടെന്റുകള്‍, വിന്റര്‍ ബാഗുകള്‍ എന്നിവയാണ് നല്‍കുക. ഇറാഖിലും സിറിയയിലുമുള്ള അഭയാര്‍ഥികളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ ബന്ധപ്പെടാവുന്നതാണ്.
ഖത്തര്‍ ചാരിറ്റി ബിലോ സീറോ(പൂജ്യത്തിനും താഴെ) എന്ന പേരില്‍ ഗള്‍ഫ് മാളില്‍ ഇന്നലെ വിന്റര്‍ കാംപയ്‌ന് തുടക്കം കുറിച്ചു. സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള കാംപയ്‌ന്റെ ഭാഗമായി മാളില്‍ പ്രത്യേക എക്്‌സിബിഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
കാരുണ്യത്തിന്റെ ശീതകാലം: നമുക്കവരുടെ ഹൃദയത്തില്‍ ചൂട് നിറയ്ക്കാം എന്ന പേരിലാണ് റാഫ് കാംപയ്ന്‍. 1.9 കോടി റിയാലാണ് റാഫ് ഇതിനായി ചെലവഴിക്കുക. സിറിയയിലെയും ഇറാഖിലെയും 1,20,000 അഭയാര്‍ഥികള്‍ക്ക് സഹായം ലഭിക്കും. റാഫിന്റെ കണക്കു പ്രകാരം സിറിയന്‍ അഭയാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം മാത്രം 1160 കോടി റിയാല്‍ വേണ്ടി വരും. 60 ലക്ഷം കുട്ടികള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നും റാഫ് വ്യക്തമാക്കി. ഓണ്‍ലൈന്‍, എസ്്എംഎസ്, ഹോട്ട്‌ലൈന്‍(55341818) വഴി റാഫിന് സഹായമെത്തിക്കാം.
- 8 years ago
chandrika
Categories:
Video Stories
തണുത്ത് വിറക്കുന്ന അഭയാര്‍ഥികളെ സഹായിക്കാം; ജീവകാരുണ്യ സംഘടനകള്‍ ഒരുക്കം തുടങ്ങി
Related Post