X

വനിതാ ലീഗ്: ഖമറുന്നീസ അന്‍വറിനെ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി

മലപ്പുറം: ഖമറുന്നീസ അന്‍വറിനെ വനിതലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സംസ്ഥാന പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് അഡ്വ. കെ.പി മറിയുമ്മക്ക് നല്‍കി. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പിയെ സംബന്ധിച്ച് ഖമറുന്നീസ അന്‍വര്‍ പറഞ്ഞത് അവര്‍ക്ക് സംഭവിച്ച നാക്ക് പിഴവാണെന്ന് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റിന് എഴുതി നല്‍കിയ മാപ്പപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷവും ബി.ജെ.പിയെ സംബന്ധിച്ച് അവര്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ തയ്യാറായിട്ടില്ല എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.
വനിതാലീഗ് ജില്ലാ കമ്മിറ്റികള്‍ ഒരു മാസത്തിനകം പുന:സംഘടിപ്പിക്കും. നേരത്തെ വിതരണം ചെയ്ത മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ 400 അംഗത്തിന് ഒരു കൗണ്‍സിലര്‍ എന്ന തോതില്‍ ജില്ലാ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്ത് ഒരു മാസത്തിനകം വനിതാ ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്ത് ജില്ലാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നതിന് നിലവിലുള്ള വിനതാ ലീഗ് ജില്ലാ കമ്മിറ്റികളും മുസ്‌ലിംലീഗ് ജില്ലാ നേതൃത്വവും മേല്‍ നോട്ടം വഹിക്കണമെന്നും സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി നിര്‍ദേശം നല്‍കി.

chandrika: