ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ സംഭവ ബഹുലമായ ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിച്ചു കൊണ്ട് ഡോ.റഷീദ് അഹമ്മദ്,പി സിദ്ദീഖ് തരകന്‍ എന്നിവര്‍ തയ്യാറാക്കിയ’ഖാഇദെ മില്ലത്ത്:ദ ഗൈഡ് ആന്റ് ഗാര്‍ഡിയന്‍’എന്ന ഇംഗ്ലീഷ് കൃതി മാര്‍ച്ച് 9 ന്(വ്യാഴം)ചെന്നൈയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളത്തില്‍ വെച്ച് പ്രകാശനം ചെയ്യും. ഖാഇദെമില്ലത്തിന്റെ സഹപ്രവര്‍ത്തകനും ഭാര്യാ സഹോദരിയുടെ മകനും മുന്‍ രാജ്യസഭാംഗവുമായിരുന്ന എ.കെ.രിഫായി തമിഴില്‍ എഴുതിയ,ഖാഇദേമില്ലത്തിന്റെ ശക്തവും ഹൃദയസ്പര്‍ശിയും പ്രചോദനാത്മകവുമായ ജീവചരിത്രമായ’ഖൗമിന്‍ കാവലര്‍’എന്ന ഗ്രന്ഥമാണ് ഇതിന്റെ മൂലകൃതി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അഭിമാനകരമായ നിലനില്‍പ്പിനും അഭിവൃദ്ധിക്കും വേണ്ടി തന്റെ അശ്രാന്ത പരിശ്രമത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം.അദ്ദേഹത്തിന്റെ അനുകരണീയമായ ജീവിതത്തിന്റെയും ഇന്ത്യയുടെ സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രീയ സ്‌പെക്ട്രത്തിലെ അതിന്റെ സ്വാധീനത്തിന്റെയും കഥ പറയുന്ന ഈ പുസ്തകം രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക കാലഘട്ടത്തെക്കുറിച്ച് സവിശേഷവും വിലപ്പെട്ടതുമായ ഒരു വീക്ഷണം മുന്നോട്ട് വെക്കുന്നുണ്ട്.ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാപക പ്രസിഡണ്ടെന്ന നിലയില്‍,വിഭജനത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കലുഷിതമായ കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍വഴി നല്‍കിയതിന്റെ വിജയകരമായ ചരിത്രമാണിത്.
കഴിഞ്ഞ 18 വര്‍ഷമായി സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണ വിഭാഗമായ ഗ്രേസ് ബുക്‌സാണ് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.കെ.കോയാമു ഹാജി കൊട്ടപ്പുറത്തിന്റെ സാമ്പത്തിക സഹായത്തോടെ ഇത് പ്രസിദ്ധീകരിക്കുന്നത്.ഖാഇദെ മില്ലെത്തെന്ന കരിസ്മാറ്റിക് രാഷ്ട്രീയ നേതാവിനുള്ള ആദരാഞ്ജലിയും ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തില്‍ അദ്ദേഹത്തിന്റെ ശാശ്വതമായ സ്വാധീനത്തിന്റെ നേര്‍ സാക്ഷ്യവുമാണ് ഈ പുസ്തകം.