അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ ഇക്കൊല്ലത്തെ സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക കര്‍മ്മ പുരസ്‌കാരം ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ സാഹിബിന് സമ്മാനിച്ചു. ചെന്നൈ വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം കൈമാറിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു.
കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ മുഹൈമീന്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നേതാക്കളായ ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സെക്രട്ടറി ഖുറം അനീസ്, തമിഴ്‌നാട് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ എ അബൂബക്കര്‍, സെക്രട്ടറി കെ എം നജ്മുദീന്‍ , മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയില്‍ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും വിശിഷ്യ മുസ്ലിംകള്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വിധം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ വളരെ ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തിലെ എന്റെ പ്രസ്ഥാനത്തിന്റെ പോഷക ഘടകത്തില്‍ നിന്ന് തന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള പോരാട്ടവീഥിയിലെ പടനായകനാണ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍. മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തില്‍ അജയ്യമായി നിലകൊണ്ട പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സാഹിബിന്റെ ആറ് പതിറ്റാണ്ടിലപ്പുറമുള്ള മഹത്തായ സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.
കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ സ്ഥാപക നേതാവും മുന്‍ ട്രഷററുമായിരുന്ന പരേതനായ സി ഹാഷിം എന്‍ജിനീയറുടെ സ്മരാണാര്‍ത്ഥമാണ് കര്‍മ്മ പുരസ്‌കാരം.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, വൈസ് പ്രസിഡണ്ട് ജലീല്‍ വലിയകത്ത് , എം എസ എഫ് നേതാക്കളായ എസ്. എച്ച് അര്‍ഷാദ് , പി വി അഹമ്മദ് സാജു, കെഎംസിസി നേതാക്കളായ പി എം അബ്ദുല്‍ ഹഖ് , റഫീഖ് പാറക്കല്‍ , വി പി മുസ്തഫ , ഗഫൂര്‍ പട്ടിക്കാട് അനസ് പട്ടാമ്പി, അബദുല്‍ റഹിമാന്‍ മാളൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സഊദി കെഎംസിസി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ഡോ. മുഹമ്മദ് കാവുങ്ങല്‍ നന്ദിയും പറഞ്ഞു.