പൊതുമരാമത്ത് റോഡുകൾ നിർമാണത്തിന് ശേഷം വെട്ടിപ്പൊളിക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലാവധി കഴിഞ്ഞ റോഡുകൾ പരിപാലിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന കരാർ സംവിധാനമാണ് റണ്ണിങ് കോൺട്രാക്ട്. പരിപാലന കാലാവധി വരെ കരാറുകാരനും അതിന് ശേഷം ഒരു വർഷത്തേയ്ക്ക് ടെൻഡർ എടുത്ത കരാറുകാരനും അത് കഴിഞ്ഞാൽ ഒരു വർഷത്തേയ്ക്ക് വീണ്ടും ടെൻഡർ എടുത്ത കരാറുകാരനുമാണ് പരിപാലന ചുമതല. ഈ വിവരങ്ങൾ എല്ലാം പരസ്യപ്പെടുത്തി കരാറുകാരന്റെ ഫോൺ നമ്പർ സഹിതമുള്ള പുതിയ ബോർഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ച റോഡുകൾക്ക് സമീപം സ്ഥാപിക്കുന്നുണ്ട്. ഇത് പൊതുജനങ്ങൾക്ക് ഇടപെടാൻ സഹായിക്കുന്നതാണ്. മലപ്പുറം ജില്ലയിലെ 2375 കിലോമീറ്റർ റോഡിൽ 2203 റോഡുകളും റണ്ണിങ് കോൺട്രാക്ട് വഴി നവീകരിച്ചതാണ്. എന്നും മന്ത്രി പറഞ്ഞു.
എൻ.എച്ച് 66ന്റെ സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സർക്കാറാണ് ചെലവഴിച്ചത്. ദേശീയപാത നവീകരണത്തിന് സംസ്ഥാന സർക്കാർ നല്ലരീതിയിലാണ് സഹകരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ പാർലിമെൻറിൽ തന്നെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 300 കോടിയിലേറെ രൂപയാണ് സ്ഥലമേറ്റെടുക്കുന്നതിനായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി അറിയിച്ചു.