ഫുഷൂ: റിയോ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ പി.വി സിന്ധുവിന് ചൈന ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം. ആതിഥേയ താരം സണ്‍ യുവിനെ 69 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ കന്നി സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയത്.
തന്നെക്കാളും ഒരു റാങ്ക് മുന്നിലുള്ള ചൈനീസ് താരത്തെ 21-11, 17-21, 21-11 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. ലോക റാങ്കിങില്‍ സണ്‍ യു 10-ാം റാങ്കിലും സിന്ധു പതിനൊന്നാമതുമാണ്. സണ്‍ യുവിനെതിരായ ആദ്യ ഗെയിം 18 മിനിറ്റു കൊണ്ട് അനായാസം നേടിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെയുള്ള യൂവിന്റെ ആക്രമണങ്ങള്‍ക്കെതിരെ പിടിച്ചു നില്‍ക്കാനായില്ല. മൂന്നാം ഗെയിമില്‍ ഒരു വേള 6-6 എന്ന നിലയില്‍ ഇരുവരും സമനില പാലിച്ചെങ്കിലും പിന്നീട് 11-8 എന്ന നിലയില്‍ സിന്ധു ലീഡ് പിടിക്കുകയായിരുന്നു. പിന്നീട് 19-11 എന്ന നിലയില്‍ ബഹുദൂരം എതിരാളിയെ പിന്നിലാക്കിയ ശേഷമാണ് സിന്ധു പോയിന്റ് വഴങ്ങിയത്. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിനു ശേഷം സിന്ധു നേടുന്ന ആദ്യ കിരീടമാണിത്.
നേരത്തെ ഡെന്‍മാര്‍ക്, ഫ്രഞ്ച് ഓപണുകളില്‍ സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ചൈന ഓപണ്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സിന്ധു. നേരത്തെ 2014ല്‍ കെ ശ്രീകാന്തും സൈന നെഹ് വാളും ചൈന ഓപണ്‍ കിരീടം നേടിയിരുന്നു. ഒളിംപിക്‌സില്‍ വെള്ളി മെഡലും രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുള്ള സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണ് ചൈന ഓപണ്‍ കിരീടം. ഇതു തന്റെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണ്. അതിനാല്‍ തന്നെ സന്തോഷം വാക്കുകളിലൂടെ എങ്ങനെ
പ്രകടിപ്പിക്കണമെന്നറിയില്ല. അവസാനമായി താന്‍ ഫൈനല്‍ കളിച്ചത് ഡെന്‍മാര്‍ക് ഓപണില്‍ ആയിരുന്നു. നന്നായി കളിക്കാന്‍ പറ്റി. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ദിനമാണിത്. ആദ്യ റൗണ്ട് മുതല്‍ കടുത്ത മത്സരങ്ങളെയായിരുന്നു അതിജീവിച്ചതെങ്കിലും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മത്സര ശേഷം സിന്ധു പറഞ്ഞു.