സോള്‍: ഇന്ത്യന്‍ താരം പി.വി സിന്ധു സ്വപ്‌നക്കുതിപ്പ് തുടരുന്നു. വാശിയേറിയ മത്സരത്തില്‍ ചൈനയുടെ ഹീ ബിങ്ജിയാവോയെ തോല്‍പിച്ച് കൊറിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ പ്രവേശിച്ചു. 66 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-10, 17-21, 21-16. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് സിന്ധു നേരിടുക. ഗ്ലാസ്‌ഗോയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി സിന്ധുവിനെ തോല്‍പിച്ചിരുന്നു. ഈ വര്‍ഷം സിന്ധു ഇത് രണ്ടാം തവണയാണ് ഒരു സൂപ്പര്‍സീരീസിന്റെ ഫൈനലിലെത്തുന്നത്. കരിയറില്‍ അഞ്ചാം തവണയും. ശക്തമായ തുടക്കമായിരുന്നു സിന്ധുവിന്റേത് തുടക്കത്തില്‍ തന്നെ 4-1ന് മുന്നിലെത്തിയ സിന്ധു പിന്നീട് 11-4 എന്ന നിലയില്‍ ബഹുദൂരം മുന്നിലെത്തി. കേവലം 16 മിനിറ്റു കൊണ്ട് ആദ്യ ഗെയിം 21-10ന് സ്വന്തമാക്കിയ സിന്ധുവിനെ രണ്ടാം ഗെയിമില്‍ മോശം തുടക്കത്തിനു ശേഷം ചൈനീസ് താരം വെള്ളം കുടിപ്പിച്ചു. രണ്ടാം ഗെയിം 3-0 എന്ന നിലയില്‍ തുടങ്ങിയ സിന്ധു പിന്നീട് 11-6 എന്ന നിലയില്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍ പിന്നീട് കണ്ടത് ചൈനീസ് താരത്തിന്റെ അവിസ്മരണീയ തിരിച്ചു വരവാണ്. 12-10 എന്ന നിലയില്‍ ലീഡ് കുറച്ചു കൊണ്ടു വന്ന ഹീ ബിങ്ജിയാവോ 15-16 എന്ന നിലയില്‍ ലീഡ് തിരിച്ചു പിടിച്ചു. മത്സരത്തില്‍ ആദ്യമായി താളം കണ്ടെത്തിയ ചൈനീസ് താരം പിന്നീട് തുടര്‍ച്ചയായ ആറു പോയിന്റുകള്‍ നേടി ഗെയിം 21-17 എന്ന നിലയില്‍ സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ 6-4ന് സിന്ധു മുന്നിലെത്തിയെങ്കിലും ബിങ്ജിയാവോ 9-9 എന്ന നിലയില്‍ സമനിലയിലെത്തി. 11-9 എന്ന ലീഡ് സ്വന്തമാക്കിയ ശേഷം പിന്നീട് സിന്ധുവിന്റെ ശക്തമായ പ്രകടനമാണ് കണ്ടത്. 17-14 എന്ന ലീഡ് നേടി പിന്നീട് 21-16 എന്ന നിലയില്‍ ഫിനിഷ് ചെയ്തു.