മനോഹരമായ ഫോര്‍ഹാന്‍ഡ് റിട്ടേണുകള്‍, സൂപ്പര്‍ പ്ലേസുകള്‍, ബേസ് ലൈനിലെ അതിവേഗം, പതറാത്ത നിശ്ചയദാര്‍ഢ്യം. ലോക വനിതാബാഡ്മിന്റന്റെ അഗ്രിമസ്ഥാനത്തേക്ക് ഇന്ത്യയുടെ പി.വി സിന്ധുവിനെ കൈപിടിച്ചിരുത്തിയത് ഇവയൊക്കെയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അവസാന നിമിഷങ്ങളിലെ പതര്‍ച്ചയാണ് ഇന്ത്യന്‍ കായിക താരങ്ങളുടെ നിത്യശാപമെങ്കില്‍ പുസര്‍ല വെങ്കട സിന്ധു എന്ന അഞ്ചടി പത്തിഞ്ചുകാരി ആ കടമ്പ തകര്‍ത്തെറിഞ്ഞിരിക്കുന്നു, 130 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടി. നമുക്കുമാത്രമല്ല, കായിക ലോകത്തിനാകെ ഈ അത്യപൂര്‍വ നേട്ടത്തില്‍ അഭിമാനിക്കാം. സ്വിറ്റ്‌സര്‍ലന്റിലെ ബാസലില്‍ ഞായറാഴ്ച അരങ്ങേറിയ ലോക വനിതാബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യക്കാരി ആദ്യമായിനേടിയ സ്വര്‍ണപ്പതക്കം വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും കായികതാരങ്ങള്‍ക്ക് വറ്റാത്ത ഇന്ധനമാകുമെന്ന് പ്രത്യാശിക്കാം.
മുന്‍വൈരികൂടിയായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നിഷ്പ്രയാസമായാണ് സിന്ധു അടിപതറിച്ചത് എന്നത് ഈ സുവര്‍ണ സ്ഥാനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ തളരാത്ത മനസ്സും ശരീരവുമായാണ് സിന്ധു ലോക കിരീടത്തിലേക്ക് ചാടിക്കയറിയത്- 21-7, 21-7 സെറ്റുകള്‍ക്ക്. സിന്ധുവിന്റെ അന്താരാഷ്ട്ര പ്രകടനങ്ങളെക്കുറിച്ചുള്ള പരാതിക്കാര്‍ക്കുള്ള മറുപടി കൂടിയാണിത്. വെറും മുപ്പത്തെട്ട് മിനിറ്റുകൊണ്ട് ലോക കിരീടത്തിലേക്ക് നടന്നെത്തുക എന്നത് ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ അനിതരസാധാരണമാണ്. 2016 റിയോ ഒളിമ്പിക്‌സിലും രണ്ട് തുടര്‍ലോകചാമ്പ്യന്‍ഷിപ്പിലും നിര്‍ഭാഗ്യംകൊണ്ട് കൈവിട്ടുപോയ സ്വര്‍ണ മെഡലുകളാണ് സിന്ധുവിനെതേടി ഇത്തവണ എത്തിയത്. അമ്മയുടെ ജന്മ ദിനത്തില്‍തന്നെയാണ് സ്വര്‍ണ കിരീടം സിന്ധുവിനെ തേടിയെത്തിയത് എന്നതില്‍ ഈ ഇരുപത്തിനാലുകാരിയുടെ മറ്റൊരു ആഹ്ലാദം. അമ്മയ്ക്കും കാണികള്‍ക്കും കോച്ചിനും ഗോപി അക്കാദമിക്കും ഇന്ത്യക്കാര്‍ക്കുമായി സമ്മാനം സമര്‍പ്പിക്കുന്നുവെന്ന് സിന്ധു പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സിന്ധു നേടുന്ന അഞ്ചാമത്തെ ലോകകപ്പ് മെഡലാണിത്. 2017ല്‍ ഇതേ ലോക വേദിയില്‍ 110 മിനിറ്റ് കളിച്ചിട്ടും ലഭിക്കാതെപോയ മെഡല്‍.
ക്രിക്കറ്റും ഹോക്കിയും ഫുട്‌ബോളും ഭാരദ്വഹനവും ചതുരംഗവും ഷൂട്ടിംഗും മാത്രമല്ല, വെള്ളക്കാരുടെയും മറ്റും കുത്തകയെന്ന് കരുതപ്പെടുന്ന ബാഡ്മിന്റണും തെക്കനേഷ്യക്കാരിക്കും വഴങ്ങുമെന്നതിന്റെ സൂചനകൂടിയാണിത്. 2018ല്‍ സ്‌പെയിനിന്റെ കരോലിന മെറിനെ നേരിട്ടാണ് സിന്ധു വെള്ളി നേടിയത്. ഒകുഹാരയോട് തോറ്റത് 2017ലും. ഇരുവര്‍ക്കുമുള്ള മധുരപ്രതികാരം കൂടിയാണീ ‘സിന്ധൂരത്തിലകം’. ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരിയായ ഇന്ത്യയുടെ സിന്ധുവിന് ഇത് ഭാവിയിലേക്കുള്ള ഊര്‍ജംകൂടിയാണ്. 2012ല്‍ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും 2011ലെ കോമണ്‍വെല്‍ത്ത് യൂത്ത്‌ഗെയിംസിലും സിന്ധു രാജ്യത്തിന് സ്വര്‍ണം നേടിത്തന്നിരുന്നു. കരിയറില്‍ മൊത്തം 312 വിജയങ്ങള്‍, 129 തോല്‍വികള്‍. അവിടെനിന്ന് കൃത്യമായതും അതേസമയം സാവധാനവുമായ കയറ്റമാണ് ഈ നെടുങ്കന്‍ തെലുങ്കുവനിതയെ ഇവിടെയെത്തിച്ചത്. കഴിഞ്ഞ രണ്ടുതവണയും സ്വര്‍ണം കൈവിട്ടപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നാണ് സിന്ധു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. വിമര്‍ശനങ്ങള്‍ സിന്ധുവിന്റെ ആത്മവിശ്വാസത്തെ തളര്‍ത്തിയില്ലെന്നതാണ് ഈ വാക്കുകളിലെ ആന്തരാര്‍ത്ഥം. വിമര്‍ശനങ്ങളേറ്റ് താന്‍ ദു:ഖിതയും ദേഷ്യക്കാരിയുമായെന്ന് സിന്ധു തുറന്നടിച്ചത് സക്രിയമായല്ലാതെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപാഠം കൂടിയാണ്.
കായിക രംഗത്തെ മികച്ച നേട്ടങ്ങള്‍ക്ക് വേണ്ടത് അണമുറിയാത്ത നിശ്ചയദാര്‍ഢ്യവും പ്രിയപ്പെട്ടവരുടെ അളവറ്റ പിന്തുണയുമാണെന്നതിന് ലിയാണ്ടര്‍ പയസ്, സാനിയമിര്‍സ, സൈന നെഹ്‌വാള്‍, വിശ്വനാഥന്‍ആനന്ദ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രതിഭകളായ ഇന്ത്യന്‍ കായിക താരങ്ങളുടെ നേട്ടങ്ങള്‍ നമുക്കുമുന്നില്‍ തെളിവായുണ്ട്. ഇവരുടെയെല്ലാം കഠിനാധ്വാനവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും തെറ്റില്ലാത്ത സാമ്പത്തിക പരിസരവും തന്നെയാണ് മറ്റെന്തിനേക്കാളും ലോക കിരീടങ്ങളെത്തിപ്പിടിക്കാന്‍ നമ്മെ പ്രാപ്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്കും വിശിഷ്യാ കായിക വകുപ്പുമേധാവികള്‍ക്കും അര്‍ഹമായ പങ്കുണ്ടെന്നത് മറക്കാനാവില്ല. പലപ്പോഴും പക്ഷേ മതിയായ സഹായവും സഹകരണംപോലും നമ്മുടെ രാജ്യത്ത് അപ്രാപ്യമാണെന്ന വസ്തുത കാണാതിരുന്നുകൂടാ. സുവര്‍ണ നേട്ടങ്ങളുമായി മാധ്യമ തേജസ്സോടെ തിരിച്ചെത്തുമ്പോള്‍മാത്രം പ്രതിഭകളെ ആദരിക്കുകയും സമ്മാനവും ജോലിയും നല്‍കുന്നതിലൂടെയും ഒതുങ്ങേണ്ടതല്ല സര്‍ക്കാരുകളുടെയും സ്‌പോര്‍ട്‌സ് അക്കാദമികളുടെയും ഇവരോടുള്ള ഉത്തരവാദിത്വം. മതിയായ ശിക്ഷണ, പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതിനുമൊക്കെ അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഈയിടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഒരുതാരം പറഞ്ഞത് യാത്രാചെലവിന് പോലും പണമുണ്ടായിരുന്നില്ല എന്നാണ്.
സിന്ധുവിന് ഞായറാഴ്ചത്തെ കിരീടം വഴി ലഭിക്കുന്നത് അറുപത്തി അയ്യായിരത്തോളം ഡോളറാണ്. ഏതാണ്ട് 45 ലക്ഷം രൂപ. ഒരു അന്താരാഷ്ട്ര കിരീട ജേതാവിനെ സംബന്ധിച്ച് ഇത് അധികത്തുകയല്ല. എന്നാല്‍ നാമോര്‍ക്കേണ്ടത്, സമ്മാനങ്ങള്‍ നേടിയെത്തുന്നവരേക്കാള്‍ സര്‍ക്കാര്‍ഏജന്‍സികളുടെ സഹായം ആവശ്യമുള്ളത് അതിനായി തയ്യാറെടുക്കുന്ന താരങ്ങള്‍ക്കാണെന്ന വസ്തുതയാണ്. പല പ്രതിഭകളും ഇടക്കുവെച്ച് അസ്തമിച്ചുപോകുന്നതും ഇതുകൊണ്ടൊക്കെതന്നെ. സര്‍ക്കാര്‍ ജോലി കൊടുക്കാതിരിക്കാന്‍വേണ്ടി കായിക താരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന പരാതിയും തള്ളിക്കളയാനാകില്ല. രാഷ്ട്രീയനേതാക്കളുടെയും അഴിമതിക്കാരുടെയും കളിയരങ്ങായി ഇന്ത്യന്‍ കായിക ലോകം മാറരുതെന്നാണ് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷവും പ്രത്യാശയും. ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ സ്പ്രിന്റ്‌റാണി പി.ടി ഉഷക്ക് നേരിടേണ്ടിവന്ന ചില അനഭിലഷണീയമായ പെരുമാറ്റങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത് മറക്കാറായിട്ടില്ല. ഏതായാലും ആത്മവിശ്വാസത്തിന്റെ ഉറച്ച നെഞ്ചുറപ്പോടെ ഇന്ത്യയിലേക്കുള്ള പി.വി സിന്ധുവിന്റെ തിരിച്ചുവരവ് അവരുടെ കായിക ഭാവിയിലും രാജ്യത്തെ ആയിരക്കണക്കിന് കായിക പ്രതിഭകളുടെ സിരകളിലും പുത്തനുണര്‍വ് പകരുമെന്ന് വിശ്വസിക്കാം.
- 5 years ago
web desk 1
Categories:
Video Stories
കായിക ലോകത്തെ ‘സിന്ധൂരപ്പൊട്ട്’
Tags: editorial
Related Post