X

ലോക റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

ഹൈദരാബാദ് : ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്. സിന്ധുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. സൈന നെഹ്‌വാളിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് സിന്ധു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ സിന്ധു നേരത്തെ ആറാം സ്ഥാനത്തായിരുന്നു. സിന്ധുവിന് നിലവില്‍ 9,399 പോയിന്റുണ്ട്.

കഴിഞ്ഞ മാസം നടന്ന സയ്യിദ് മോദി ഗ്രാന്റ് പ്രീ കിരീടം നേടാനായതാണ് സിന്ധുവിന് റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം, ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഒമ്പതാം റാങ്കില്‍ തുടരുകയാണ്. തായ്‌പേയിയുടെ ടായ് സു യിങാണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനിന്റെ കരോളിന മാരിന്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏഷ്യക്കു പുറത്തുനിന്നുള്ള താരം. രണ്ടാം സ്ഥാനമാണ് കരോളിനയ്ക്ക്.

അഞ്ചാം റാങ്കിലെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും കഴിഞ്ഞ വര്‍ഷം സീസണ്‍ ആരംഭിച്ചപ്പോള്‍ തന്നെ റാങ്കിങില്‍ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് പ്രതീക്ഷിച്ചതായും സിന്ധു പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സിന്ധു പറഞ്ഞു. അതേ സമയം പുരുഷ റാങ്കിങില്‍ 18-ാം സ്ഥാനത്തുള്ള അജയ് ജയറാമാണ് റാങ്കിങില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം. കെ ശ്രീകാന്ത് 21-ാം സ്ഥാനത്തും എച്ച്.എസ് പ്രണോയ് 23-ാം റാങ്കിലുമാണ്.

chandrika: