X

പി.വി മുഹമ്മദ് അരീക്കോട് ചരിത്രത്തോടൊപ്പം സഞ്ചരിച്ച പ്രഭാഷക നേതാവ്

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പ്രഭാഷകനായ നേതാവായിരുന്നു പി.വി മുഹമ്മദ് അരീക്കോട്. കേരളത്തിലും പ്രവാസ ലോകത്തും പി.വി മുസ്‌ലിം ലീഗ് സന്ദേശ പ്രചാരകനായി സഞ്ചരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സ്ഥാപന നേതാക്കള്‍ക്കൊപ്പം വേദികളില്‍ പ്രഭാഷകനായിരുന്നു പി.വി. അരനൂറ്റാണ്ടിലധികം കാലം മുസ്‌ലിം ലീഗ് സമ്മേളനങ്ങള്‍ പ്രതിഷേധങ്ങള്‍, സമര യാത്രകള്‍, ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് വേദികള്‍ ഇവിടെയൊക്കെ പി.വി.യുടെ സാന്നിധ്യവും പ്രഭാഷണവും അനിവാര്യമായ ഒരു ഘടകമായിരുന്നു. കെ.കരുണാകരനടക്കം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ പി.വിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കെ.സി.അബൂബക്കര്‍ മൗലവിയുടെ കൂടെ പ്രഭാഷകനായിരുന്ന പി.വി മൗലവിയുടെ മരണത്തിനു ശേഷം കെ.സി യുടെ പകരക്കാരനായി മാറി.

പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനവും നര്‍മ്മവും ചേര്‍ന്നുള്ള പി.വി യുടെ പ്രഭാഷണം കേള്‍ക്കാന്‍ എതിരാളികള്‍ പോലും വേദിക്കരിക്കിലെത്തിയിരുന്നു. ചാട്ടുളി പോലെ ഉള്ളില്‍ തറക്കുന്ന നര്‍മ്മം കൊണ്ട് പി.വി സമൂഹത്തിന്റെ ചിന്തകളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടി നേരിട്ട ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പി.വി.യുടെ പ്രസംഗം പ്രവര്‍ത്തകര്‍ ആഗ്രഹിച്ചു. പ്രതിസന്ധിക്ക് പരിഹാരമായി പി.വി പറയുന്ന ഒറ്റ നര്‍മ്മം മതിയായിരുന്നു.

തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗ് വേദികളില്‍ പി.വി പ്രഭാഷകനായി എത്താറുണ്ടായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലകളില്‍ പ്രസംഗിക്കാന്‍ പലപ്പോഴും ട്രൈനിലോ ബസിലോ ആയിരിക്കും പി.വി എത്തുക. ആത്മാര്‍ത്ഥതയും ത്യാഗസന്നദ്ധതയും സമ്മേളിച്ച വ്യക്തിത്വമായിരുന്നു അദ്ധേഹത്തിന്റേത്. മുസ്‌ലിം ലീഗ് ആശയ പ്രചരണത്തിന് ചന്ദ്രികാ പത്രവും നേതാക്കന്‍മാരുടെ പ്രഭാഷണവും മാത്രമുണ്ടായിരുന്ന ഇന്നലെകളില്‍ ആ പ്രഭാഷകസംഗത്തില്‍ പി.വിയുടെ സ്ഥാനം മുന്‍നിരയില്‍ തന്നെയായിരുന്നു. നമ്മുടെ നാട്ടില്‍ യാത്രാസൗകര്യങ്ങളോ വ്യക്തിപരമായി സാമ്പത്തിക അഭിവൃദ്ധിയോ ഇല്ലാത്ത കാലത്ത് മുസ്‌ലിം ലീഗ് സന്ദേശ പ്രചാരകനായി വേദികളില്‍ നിന്ന് വേദികളിലേക്ക് കിട്ടിയ വാഹനങ്ങളില്‍ രാവും പകലും വ്യത്യാസമില്ലാതെ ചന്ദ്രികാ പത്രം കയ്യില്‍ പിടിച്ച് സഞ്ചരിച്ചിരുന്ന പി വി യുടെ ത്യാഗസന്നദ്ധമായ കഴിഞ്ഞ ജീവിതത്തെ മുതിര്‍ന്ന തലമുറ പറഞ്ഞു കേട്ടിട്ടുണ്ട്. മസ്ജിദുകളിലും പീടിക കോലായിലും കിടന്നുറങ്ങി പിറ്റെ ദിവസം തിരിച്ച് പോന്ന അനുഭവങള്‍ പി.വി തന്നെ പറഞ്ഞിട്ടുണ്ട്. പ്രസംഗം നിര്‍വ്വഹിച്ച മഹല്ലിലെ പള്ളിയില്‍ കിടന്നുറങ്ങരുത് തൊട്ടപ്പുറത്തെ മഹല്ലില്‍ കിടന്നുറങ്ങും. അല്ലെങ്കില്‍ സംഘാടകര്‍ക്ക് പ്രയാസമാകും എന്ന് പി.വി. പറഞ്ഞ നര്‍മ്മം സത്യത്തില്‍ ത്യാഗത്തിന്റെ ആഴം കലര്‍ന്ന നര്‍മ്മമായിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളെ അനുസ്മരിക്കുന്നതിലും തെരഞ്ഞെടുപ്പ് തിയ്യതികളും സീറ്റ് നിലകളും മറ്റു രാഷ്ട്രീയ പ്രാധാന്യമുള്ള തിയ്യതികളും സംഭവങ്ങളുടെ കൃത്യമായ അവതരണവും പി.വിക്ക് സാധിച്ചു. പലപ്പോഴും പത്രപ്രവര്‍ത്തകര്‍ പോലും കാര്യങ്ങളറിയാന്‍ പിവിയുടെ സഹായം തേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ പി.വി ലീഗ് രാഷ്ട്രീയത്തിലെ സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നു.

 

 

 

Test User: