തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെയും സൈബര്‍ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.മാധ്യമങ്ങളെ വെല്ലുവിളിക്കുകയും മാധ്യമപ്രവര്‍ത്തകരെ വണ്‍ ടു ത്രീ നമ്പറിട്ട് വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എംഎല്‍എയെ നിലയ്ക്കു നിര്‍ത്താനും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണയെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എന്‍.സാനുവും അറിയിച്ചു.
നാളെ ഉച്ചയ്ക്കുശേഷം 3.30 ന് പ്രസ് ക്ലബിനു മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും സംസാരിക്കും. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ എന്ന പേരില്‍ ഭരണപക്ഷ എംഎല്‍എ തുടങ്ങി വച്ച സൈബര്‍ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ്. വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം എന്ന മട്ടിലാണ് എംഎല്‍എയും സംഘവും മുന്നോട്ടു പോവുന്നത്.വേട്ടയാടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചതിന്റെ പേരില്‍ പ്രസ് ക്ലബ് പ്രസിഡന്റിനെ കൊല്ലുമെന്നും സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണിലും ഭീഷണി മുഴക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് നിയമസംഹിതയും ജനാധിപത്യവും നിലനിര്‍ത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.