പി.വി അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് പിണറായി സര്‍ക്കാറിന്റെ പ്രതികാര നടപടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലകളില്‍ കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് ശരിയല്ല. ഒരുകാലത്തും ഉണ്ടാകാത്ത തരത്തിലാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത്. ഗൗരവമായി ഇതൊന്ന് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. ഈ വിഷയത്തില്‍ മുസ്ലിംലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഉയര്‍ത്തി പ്രക്ഷോഭം നടത്തിയ ജനപ്രതിനിധിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്ത് കാര്യത്തിന് വേണ്ടിയാണ് സമരം നടത്തിയത് എന്നുകൂടി പരിശോധിക്കണം. വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് നാടകം നടത്തിയത് തെറ്റാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.