പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ. സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ പറ്റില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയില്‍ നടപടികള്‍ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളില്‍ നിന്നുള്ള വിമതരെ ഉള്‍ക്കൊള്ളുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെന്നും അതിനാല്‍ അന്‍വര്‍ പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധ്യത കുറവാണെന്നും ടി.കെ.എസ്. ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെ നേതാക്കളുമായി കഴിഞ്ഞ ദിവസം അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
കേരളത്തില്‍ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ടെന്നും പി വി അന്‍വറിന്റെ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവന്‍ പറഞ്ഞു.
മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അന്‍വര്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേരെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, സാമൂഹിക സംഘടനയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.