X

പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്. വിവിരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് രേഖകള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.

ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പതിന്‍മടങ്ങ് കൈവശം വച്ച് അനുഭവിച്ചു വരുകയാണ് പി.വി അന്‍വര്‍. നിയമാനുസരണം ഒരു കുടുംബത്തിന് പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറാണെന്നിരിക്കേ 207.84 ഏക്കര്‍ ഭൂമി താന്‍ കൈവശം വച്ച് അനുഭവിക്കുന്നതായി ഇദ്ദേഹം തന്നെ തെരഞ്ഞെടുപ്പു കമ്മീഷന് 2016 വര്‍ഷത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇവര്‍ രേഖകള്‍ ഉദ്ധരിച്ചു വ്യക്തമാക്കി.

ഏറനാട്, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക് സഭാ മണ്ഡലത്തിലും മല്‍സരിച്ച വേളയില്‍ ഇദ്ദേഹം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങളില്‍ ചേര്‍ത്തിട്ടുള്ള ഭൂമിയുടെ അളവ് വില്ലേജ് അടിസ്ഥാനത്തില്‍ തന്നെ രേഖകള്‍ സഹിതം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. അന്‍വറിന്റ പേരിലുള്ള കാര്‍ഷികേതരഭൂമി 202.99 ഏക്കറും കാര്‍ഷിക ഭൂമി 1.40ഏക്കറുമായാണ് 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യയുടെ പേരില്‍ 3.45 ഏക്കര്‍ കാര്‍ഷികഭൂമിയുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു. ആകെ 207.84 ഏക്കര്‍ ഭൂമിയുള്ളതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2011ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ 228.45 ഏക്കര്‍ ഭൂമിയുടെ കണക്കും, 2014ല്‍ വയനാട് ലോക് സഭാ മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ 206.96 ഏക്കര്‍ ഭൂമിയുടെ കണക്കുമാണ് രേഖപ്പെടുത്തിട്ടുള്ളത്.

കേരള നിയമസഭയിലെ അംഗങ്ങളെല്ലാം ഭൂമിയുടെ അളവ് ഏക്കറിലും സെന്റിലും രേഖപ്പെടുത്തിയപ്പോള്‍ പി.വി അന്‍വര്‍ ചതുരശ്ര അടിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘനം പെട്ടെന്നു ശ്രദ്ധയില്‍ പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു സംശയിക്കുന്നതായി വിവരാവകാശ പ്രവര്‍ത്തര്‍ പറയുന്നു. ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യവാങ്മൂലങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ പൊതു രേഖയാണ്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമം നിര്‍മിച്ച അതേ നിയമനിര്‍മാണ സഭയിലെ അംഗംതന്നെ ഈ നിയമം ലംഘിക്കുന്നു എന്നത് ഗുരുതരമായ ജനാധിപത്യ മൂല്യശോഷണത്തിന്റെ ലക്ഷണമാണ്. ഭൂപരിഷ്‌കരണനിയമം ലംഘിച്ചുവെന്ന് പി വി അന്‍വര്‍ സത്യവാങ്മൂലത്തിലൂടെ സമ്മതിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹം എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യേണ്ടതാണെന്നും ഇവര്‍ ആവശ്യപ്പെട്ടു.

3-anver- wayanad

4-anver- eranad

5-anver nilambur

മൂന്നുതവണ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴും പി വി അന്‍വര്‍ സത്യവാങ്മൂലത്തില്‍ ഒരു ഭാര്യയുള്ളതായിമാത്രമാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ 2017 ആഗസ്ത് 9ന് ഹൈക്കോടതിയില്‍ അന്‍വര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ അഫ്്സത്ത്് ഭാര്യയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരില്‍ ഒരാളായ അഫ്സത്, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്‍തീം പാര്‍ക്കില്‍ അന്‍വറിന്റെ ബിസിനസ് പാര്‍ട്നര്‍കൂടിയാണ്. ഇദ്ദേഹം തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും രണ്ടാം ഭാര്യയായ അഫ്സത്തിന്റേയോ അവരുടെ ബന്ധുക്കളുടേയോ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ മറച്ചുവച്ചിരിക്കുകയാണ്. പി വി അന്‍വറും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുമായ അഫ്സത്തും പാര്‍ട്ണര്‍മാരായ പീവീആര്‍ എന്റര്‍ടൈന്‍മെന്റിന്റെ പേരിലുള്ള കൂടരഞ്ഞിയിലെ 11 ഏക്കറില്‍ 60 ശതമാനവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇക്കാര്യവും മറച്ചുവച്ചാണ് 2016ല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. പി വി അന്‍വര്‍ കൈവശം വച്ച് അനുഭവിക്കുന്ന പരിധിയില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാറിലേക്കു കണ്ടുകെട്ടാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവണം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള പരാതികള്‍ കേരളാ ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിവരാവകാശപ്രവര്‍ത്തകര്‍ അറിയിച്ചു.

ജനപ്രതിനിധികള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലങ്ങളിലെ വെളിപ്പെടുത്തലുകള്‍ ഒരു ഏജന്‍സിയും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല എന്ന വസ്തുതയും ഇതിലൂടെ വ്യക്തമാവുകയാണ്. ഈ സാഹചര്യത്തില്‍, കേരള നിയമ സഭയിലെ അംഗങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ സമര്‍പ്പിച്ചിട്ടുള്ള പൊതുരേഖയായ സത്യവാങ്മൂലങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി നിയമലംഘനങ്ങള്‍ കണ്ടെത്താനും, ജനപ്രതിനിധികളുടെ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരേ പരാതി നല്‍കാനും പൗരസമൂഹം ഇടപെടണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

chandrika: