തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചെന്ന ആരോപണം നേരിടുന്ന പി.വി അന്‍വര്‍ എം.എല്‍.എയെ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് വി.എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍വറിനെ സമിതിയില്‍ നിന്നും ഒഴിവാക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഇക്കാര്യം സ്പീക്കര്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. അന്‍വറിന്റെ കൂടി വിശദീകരണം കണക്കിലെടുത്ത ശേഷമാകും നടപടി. എം.എല്‍.എയുടെ നിയമലംഘനം ആര്‍.ഡി.ഒ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ സമിതിയില്‍ നിലനിര്‍ത്തുന്നത് സര്‍ക്കാറിനും നിയമസഭക്കും കളങ്കമാകും എന്ന വിലയിരുത്തലുണ്ട്.
വേമ്പനാട്ട് കായല്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഈ മാസം 21 ന് പ്രദേശം സന്ദര്‍ശിക്കുന്ന നിയമസഭാസമിതിയില്‍ നിന്നും അന്‍വര്‍ വിട്ടു നില്‍ക്കുമെന്നും സൂചനയുണ്ട്. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതിയില്‍ അനില്‍ അക്കര, പി.വി അന്‍വര്‍, കെ. ബാബു, ഒ.ആര്‍ കേളു, പി.ടി.എ റഹിം, കെ.എം ഷാജി, എം. വിന്‍സെന്റ് എന്നിവരാണ് അംഗങ്ങള്‍. അന്‍വറിനെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് സമിതി അംഗങ്ങള്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പമുണ്ട്. പരിസ്ഥിതി- ഭൂപരിഷ്‌കരണ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എം.എല്‍.എ പരിസ്ഥിതി സമിതിയില്‍ തുടരുന്നതില്‍ പരക്കെ അതൃപ്തിയുണ്ട്. നിയമം ലംഘിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞുവെന്നതും ഭൂപരിഷ്‌കരണനിയമം ലംഘിച്ച് അധികം ഭൂമികൈവശംവെച്ചു എന്നതുമാണ് അന്‍വറിനെതിരെ ഉയര്‍ന്ന പ്രധാന പരാതികള്‍. കയ്യേറ്റം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിശോധിക്കുന്ന സമിതിയില്‍, ആരോപണവിധേയനായ എം.എല്‍.എ തുടരുമ്പോള്‍ സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.
എം.എല്‍.എയോ പരിസ്ഥിതിസമിതി അംഗമോ ആകുന്നതിന് മുന്‍പു തന്നെ അന്‍വര്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യഭൂമിയില്‍ അന്‍വര്‍ തടയണ നിര്‍മിച്ചതായി 2015ല്‍ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അരുവിയുടെ ഒഴുക്ക് തടസപ്പെടുത്തിയുള്ള അനധികൃത തടയണ പൊളിച്ചുമാറ്റണമെന്ന് അന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണ നിര്‍മാണങ്ങളെത്തുടര്‍ന്ന് വിവാദത്തിലായ പി.വി അന്‍വര്‍ 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമായി. ഇതിനുശേഷമാണ് നിയമസഭയുടെ പരിസ്ഥിതി സമിതിയിലേക്ക് സി.പി.എം അന്‍വറിനെ തന്നെ നിയോഗിച്ചത്.