പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് മറച്ചുവെച്ചു എന്ന പരാതി ചീഫ്‌സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് കിട്ടിയ പരാതിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അന്‍വറിനെ എം.എല്‍. എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കും. രണ്ട് ഭാര്യമാരുണ്ടെന്നിരിക്കേ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതെന്ന് കാട്ടിയാണ് എം. എല്‍. എക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
കക്കാടംപൊയിലിലെ വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പില്‍ നിന്നും എം.എല്‍.എ മറച്ച്‌വെച്ചു. മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നല്‍കിയ രേഖകളില്‍ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പി.വി അന്‍വര്‍ എം.എല്‍.എ കാണിച്ചിട്ടുള്ളതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.ഇതിനു പുറമെ തൃക്കലങ്ങോട് വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം അന്‍വര്‍ തന്റേതെന്ന് കാട്ടിയ ഭൂമിയുടെ സര്‍വേ നമ്പറില്‍ അഞ്ച് അവകാശികളാണെന്ന് കണ്ടെത്തിയിരുന്നു. വ്യാജവിവരങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് അന്‍വറിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
സത്യവാങ്മൂലത്തില്‍ എം.എല്‍.എ നല്‍കിയ വിവരമനുസരിച്ച് തൃക്കലങ്ങോട് വില്ലേജിലെ 62/241 എന്ന സര്‍വേ നമ്പറില്‍ മാത്രം 203.62 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന കണക്കില്‍ വലിയ പൊരുത്തക്കേടുണ്ട്. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖ വ്യക്തമാക്കുന്നത് 62/241 എന്ന സര്‍വേ നമ്പറിലുള്ള ഭൂമിയുടെ അവകാശി അന്‍വറല്ല എന്നാണ്. ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്‍, എല്‍സി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ പേരിലാണ് ഭൂമിയെന്ന് വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അതേസമയം, പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ കിട്ടാന്‍ വൈകിയതിനാലാണ് കേസ് കൊടുക്കാന്‍ വൈകിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ പരാതി കൊടുക്കും. ഇതിനൊപ്പം അടുത്ത മാസം നാലിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോഴിക്കോട് രാപ്പകല്‍ സമരം നടത്തുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.