ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം എന്ന ആശയം തന്നെ രാജ്യത്തിന്റെ ഭരണഘടനക്ക് എതിരാണെന്നും സാമൂഹ്യ സംവരണത്തില്‍ മായം ചേര്‍ത്ത് ഭരണഘടനയെ കൊല്ലരുതെന്നും പി.വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ബി പോക്കര്‍ സാഹിബും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും ബി.ആര്‍ അംബേദ്കര്‍ക്കും ഒപ്പം ചേര്‍ന്ന് ഉണ്ടാക്കിയതാണ് ഇന്ത്യന്‍ ഭരണഘടനയുടെ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് ബില്ല്. സംവരണം ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയലല്ലെന്നും സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പരിഹാരമാണ് മുന്നോട്ടു വെക്കുന്നതെന്നുമുളള ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കുന്ന സാമ്പത്തിക സംവരണ ബില്‍ ഉപേക്ഷിക്കണമെന്നും പി.വി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.
അതേസമയം ബില്‍ പാര്‍ലമന്റെിന്റെ ഇരു സഭകളും പാസാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ഇനി ന്യൂനപക്ഷങ്ങള്‍ക്കു മുന്നിലുള്ള പോംവഴി. ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുസ്്‌ലിംലീഗ് നേതൃത്വം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ ഭേദഗതിക്ക് പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ കൂടി അംഗീകാരം വേണമെങ്കിലും, സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ സാമ്പത്തിക സംവരണ ബില്ലിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ അനുമതിക്കു ശേഷം രാഷ്ട്രപതി ഒപ്പുവെച്ചാല്‍ ബില്‍ നിയമമാകുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.