ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ പ്രതിഷേധിച്ചു. ആര്‍ട്ടിക്കിള്‍ 246നും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനും പൂര്‍ണ്ണമായും എതിരാണ് ഈ നീക്കമെന്നും ബില്‍ പാസ്സാവുകയാണെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെതിരെ പ്രതിഷേധിച്ച് എന്‍.ഡി.എ ഘടകക്ഷി ശിരോമണി അകാലിദള്‍ മന്ത്രി രാജിവെച്ചെങ്കിലും അവര്‍ എന്‍.ഡി.എക്കുള്ള പിന്തുണ തുടരുകയാണ്. കര്‍ഷകരുടെ രോഷം ഭയന്ന് മന്ത്രി സ്ഥാനം രാജിവെച്ചത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ എന്‍.ഡി.എക്കുള്ള പിന്തുണ പിന്‍വലിക്കുകയാണ് വേണ്ടത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ നിയമമാക്കാന്‍ പാടുള്ളൂ എന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.
ശക്തമായ പ്രതിപക്ഷ എതിര്‍പ്പിനിടെയാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയിലും പാസായത്. ലോക്‌സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി.
തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു. കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് പറഞ്ഞു.