X
    Categories: Features

കണ്‍മിഴിച്ച കാലം തൊട്ടേ കണ്ടുവളര്‍ന്ന ചന്ദ്രിക: പി.വി അബ്ദുല്‍ വഹാബ്

കൺമിഴിച്ച കാലം തൊട്ടേ കണ്ടു തുടങ്ങിയതാണ് ചന്ദ്രിക. ബാപ്പയെക്കുറിച്ചുള്ള ഓർമകൾക്കൊപ്പം ചന്ദ്രികയുമുണ്ട്. ചന്ദ്രിക പത്രത്തിന്റെ ഓഹരി ഉടമയും വരിക്കാരനുമായിരുന്നു എന്റെ പിതാവ്. പിന്നീട് ചന്ദ്രികയുടെ നിലമ്പൂർ ലേഖകനായി. 1970 മാർച്ച് മാസത്തിൽ ചന്ദ്രികയുടെ റോട്ടറി പ്രസ് ഉദ്ഘാടന വേദിയിൽ വെച്ചാണ് ബാപ്പയ്ക്ക് ഹൃദയാഘാതമുണ്ടായത്. ആദരണീയനായ സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ അന്നത്തെ ഗവർണർ വി. വിശ്വനാഥൻ, മുഖ്യമന്ത്രി സി. അച്യുത മേനോൻ, സി.എച്ച് എന്നിവരുള്ള വേദിയായിരുന്നു അത്. ബാപ്പയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലെത്തിച്ചത് ചന്ദ്രിക അയച്ചുതന്ന ആംബുലൻസിലായിരുന്നു. ബാപ്പയുടെ മരണശേഷം 1974ൽ വിദേശത്തേക്ക് പോകുന്നത് വരെ ചന്ദ്രിക നിലമ്പൂർ ലേഖകനായി പ്രവർത്തിക്കാനും എനിക്ക് ഭാഗ്യമുണ്ടായി.

ചന്ദ്രിക വായിച്ച കരുത്തിലാണ് ജീവിക്കാൻ പഠിച്ചത്. ലോകം അറിഞ്ഞത്. എന്നെ ഞാനാക്കിയതിന് പിന്നിൽ ചന്ദ്രിക ദിനപത്രത്തിലെ ‘സ്വ ലേ’ ( സ്വന്തം ലേഖകൻ) കാലഘട്ടം ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. അവിടെനിന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. നിലമ്പൂരിനേയും ചന്ദ്രികയേയും, മുസ്ലിം ലീഗിനേയും നെഞ്ചോട് ചേർത്ത് വർഷങ്ങളോളം പ്രവാസ ജീവിതം. ഇന്ന് ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നത് ചന്ദ്രികയുടെ ഡയറക്ടർ സ്ഥാനമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല കമ്പനികളുടെയും ഭാഗമാകാൻ കഴിഞ്ഞെങ്കിലും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങിയ ചന്ദ്രിക ഡയറക്ടർ എന്ന പദവി നൽകുന്ന അഭിമാനം പകരാൻ മറ്റൊന്നിനും കഴിയുന്നില്ല.

1934ൽ ഉദയം കൊണ്ട പത്രത്തിൽ കേവലം ചെറിയൊരു കാലഘട്ടം മാത്രമാണ് ഞാൻ ചെലവഴിച്ചത്. പക്ഷേ ആ കാലം നൽകിയ ഊർജം ഇന്നും ഓരോ ചുവടിലും കാത്തുസൂക്ഷിക്കാൻ കഴിയുന്നു. 86 വർഷങ്ങളുടെ കരുത്തുമായി സെപ്തംബർ ഒന്നു മുതൽ ചന്ദ്രിക പ്രചാരണ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. വായിക്കണം. വരിക്കാരാവണം. കൂടെയുണ്ടാവണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: