X

ജി20 ഉച്ചകോടിക്ക് പുടിന്‍ വരില്ല; വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പങ്കെടുക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പുടിന് പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് ഉച്ചകോടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച ഡല്‍ഹിയിലാണ് ജി 20 ഉച്ചകോടി നടക്കുക. യോഗത്തില്‍ പുടിന്‍ പങ്കെടുത്തേക്കില്ലെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് ശേഷം കാര്യമായ വിദേശ സന്ദര്‍ശനത്തിന് പുടിന്‍ തയ്യാറായിരുന്നില്ല.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നിന്നും പുടിന്‍ വിട്ടു നിന്നിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്. ഐസിസിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ വിദേശ സന്ദര്‍ശനത്തിനിടെ പുടിന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഇതാണ് ഇന്ത്യയിലടക്കം സന്ദര്‍ശനം ഒഴിവാക്കാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുടെ തീരുമാനം മനസിലാക്കുന്നുവെന്ന് പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയില്‍ ജി20 എടുക്കുന്ന തീരുമാനങ്ങളില്‍ റഷ്യ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ആഗോള വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും മോദി പുടിന്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി.

webdesk11: