യുക്രെയ്‌നിലെ യുദ്ധത്തെ ചൊല്ലി റഷ്യക്കും പാശ്ചാത്യ ശക്തികള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മോസ്‌കോയിലെത്തി. റഷ്യയെ ആയുധങ്ങള്‍ നല്‍കി സഹായിക്കാന്‍ ചൈനക്ക് പദ്ധതിയുണ്ടെന്ന പാശ്ചാത്യആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തെ ലോകം ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. മോസ്‌കോയില്‍ വിമാനമിറങ്ങിയ ചൈനീസ് പ്രസിഡന്റിന് റഷ്യ രാജോചിത സ്വീകരണം ഒരുക്കിയിരുന്നു. റഷ്യന്‍ ഉപ പ്രധാനമന്ത്രി ദിമിത്രി ചെര്‍നിഷെങ്കോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ജിന്‍പിങ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
ചൈന-റഷ്യ ബന്ധം കൂടുതല്‍ ആരോഗ്യകരവും സുദൃഢവുമാകാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. പരസ്പരം വിശ്വസിക്കാവുന്ന പങ്കാളികളെന്നാണ് അദ്ദേഹം ഇരുരാജ്യങ്ങളെയും വിശേഷിപ്പിച്ചത്. തുടര്‍ന്ന് ക്രെംലിനില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അദ്ദേഹം ചര്‍ച്ച നടത്തി. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്ന റഷ്യ നയതന്ത്രതലത്തില്‍ നേടിയ വിജയമായാണ് ജിന്‍പിങിന്റെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഏറെ ഗൗരവത്തോടെയും ആദരവോടെയും പരിഗണിക്കുമെന്ന് പുടിന്‍ അദ്ദേഹത്തെ അറിയിച്ചുവെന്നാണ് വിവരം. പ്രിയ സുഹൃത്തെ, റഷ്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജിന്‍പിങ്ങിനെ പുടിന്‍ അഭിസംബോധന ചെയ്തത്.
അന്താരാഷ്ട്ര വിഷയങ്ങളില്‍ ജിന്‍പിങ്ങും ചൈനയിലെ മറ്റ് സുഹൃത്തുക്കളും നീതിപൂര്‍വ്വകമായ സന്തുലിത നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുടിന്റെ ശക്തമായ നേതൃത്വമാണ് റഷ്യ ഐശ്വര്യപൂര്‍ണമാക്കിയതെന്ന് ജിന്‍പിങ് പഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ചൈന റഷ്യക്കുമേല്‍ സ്വാധീനം ഉപയോഗിക്കുമെന്ന് യുക്രെയ്ന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനീസ് പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികോലെന്‍കോ പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡത മാനിക്കുകയും റഷ്യന്‍ സേനയുടെ സമ്പൂര്‍ണ പിന്‍മാറ്റം ഉറപ്പാക്കുകയും ചെയ്യുന്ന സമാധാന കരാറാണ് വേണ്ടതെന്ന് യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധത്തില്‍ തങ്ങള്‍ റഷ്യയോടൊപ്പമുണ്ടെന്ന പരോക്ഷ സന്ദേശമാണ് ജിന്‍പിങ് പാശ്ചാത്യ ശക്തികള്‍ക്ക് നല്‍കിയിരിക്കുന്നത്.