X

പുടിനെന്ന സൂത്രക്കാരന്‍

മോസ്‌കോ: സോവിയറ്റ് തകര്‍ച്ചക്കുശേഷം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞിരുന്ന റഷ്യയെ ലോകവേദിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രസിഡന്റ് വ്‌ള്ദാമിര്‍ പുടിന്‍ യുക്രെയ്ന്‍ അധിനിവേശത്തോടെ കൂടുതല്‍ ശ്രദ്ധേയനായിരിക്കുകയാണ്. തന്ത്രങ്ങള്‍ കൊണ്ട് മാത്രം ജീവിക്കുകയും അതിലൂടെ ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയെന്ന മേല്‍വിലാസത്തിലേക്ക് ഉയരുകയും ചെയ്ത നേതാവാണ് പുടിന്‍.

റഷ്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് അദ്ദേഹം രക്ഷകനാണെങ്കില്‍ എതിരാളികള്‍ക്ക് ഏകാധിപതിയാണ്. പക്ഷെ, വിമര്‍ശകരെ എങ്ങനെ ഒതുക്കണമെന്ന് അദ്ദേഹത്തിന് അറിയാം. അതിനുവേണ്ടി ഏത് കുതതന്ത്രവും ക്രൂരതയും പുറത്തെടുക്കാന്‍ മടിയില്ലാത്ത സ്വേച്ഛാധിപത്യ മനസ്സുകൂടി അദ്ദേഹത്തിനുണ്ട്. രാജ്യത്ത് തന്റെ മുഖ്യ എതിരാളിയായ പ്രതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ജര്‍മനിയില്‍ ചികിത്സ കഴിഞ്ഞ തിരിച്ചെത്തിയ ശേഷം തുറുങ്കിലടക്കുകയും ചെയ്തു.

റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയിലൂടെയാണ് പുടിനിലെ തന്ത്രജ്ഞന്‍ വളര്‍ന്നുവന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല. പതിനഞ്ച് വര്‍ഷം കെ.ജി.ബി ഉദ്യോഗസ്ഥനായി ജോലി ചെയ്ത ശേഷം കേണല്‍ റാങ്കില്‍നിന്നാണ് വിരമിച്ചത്. സെന്റ് പീ്‌റ്റേഴ്‌സ് ബര്‍ഗ് മേയറായാണ് രാഷ്ട്രീയ അരങ്ങേറ്റം. 1998ല്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഡയറക്ടറായി. ഒരു വര്‍ഷത്തിനുശേഷം റഷ്യന്‍ പ്രധാനമന്ത്രിയുമായി. അതോടെ ജനശ്രദ്ധ പിടിച്ചുപറ്റിത്തുടങ്ങി.

1999 ഡിസംബര്‍ 30ന് ബോറിസ് യെല്‍സിന്‍ രാജിവെച്ചതോടെ പുടിന്‍ താല്‍ക്കാലിക പ്രസിഡന്റായി. പിന്നീടങ്ങോട്ട് അദ്ദേഹം റഷ്യയെ വിരലുകൊണ്ട് നിയന്ത്രിച്ചു. അഴിമതി നിര്‍മാര്‍ജന പ്രഖ്യാപനങ്ങള്‍ നടത്തിയും മാധ്യമ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നും രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും സ്വന്തം കാല്‍ക്കീഴില്‍ കൊണ്ടുവന്നു.

പ്രസിഡന്റെന്ന നിലയില്‍ ആദ്യ വര്‍ഷം തന്നെ എതിരാളികളെ മുഴുവന്‍ അടിച്ചൊതുക്കി. അതോടൊപ്പം ജന പ്രിയ പദ്ധതികളിലൂടെ ജന ങ്ങളെ കൂടെ നിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു. റഷ്യനും ജര്‍മനിയും ഇംഗ്ലീഷും അനായാസം സംസാരിക്കുന്ന അദ്ദേഹം 21-ാം നൂറ്റാണ്ടിലെ ഏറ്റവും കരുത്തനായ നേതാവായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെ പോകാനും അദ്ദേഹം തയാറാണ്.

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് ഡൊണാള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസിലേക്ക് കൊണ്ടുവന്നതും പുടിന്റെ ബുദ്ധിയാണെന്ന് ആരോപണമുണ്ട്. ഇതേക്കുറിച്ചുള്ള വിവാദങ്ങള്‍ ഇന്നും യു.എസില്‍ കെട്ടടങ്ങിയിട്ടില്ല. ഇപ്പോള്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവത്തിനു പിന്നിലും അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങളാണ്. എടുത്ത ചാട്ടത്തിനു നില്‍ക്കാതെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച ശേഷമാണ് റഷ്യന്‍ സേന യുക്രെയ്‌നിലേക്ക് കാലെടുത്തുവെച്ചത്. പുടിന്റെ ബുദ്ധിക്കു മുന്നില്‍ പാശ്ചാത്യ ശക്തികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കേണ്ടിയും വന്നു.

Test User: