കൊച്ചി: പുതുവൈപ്പ് സംഘര്‍ഷത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസിന്റെ കത്ത്. പുതുവൈപ്പ് ഐ.ഒ.സി സമരക്കാരെ അടിച്ചമര്‍ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ വി.എസ് അച്ചുതാനന്ദന്‍ രംഗത്തെത്തിയത്. യതീഷ് ചന്ദ്രയെ സസ്പന്റെ് ചെയ്യണമെന്ന് വി.എസ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. സ്ഥലത്തെ പോലീസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
വെളളിയാഴ്ച ഹൈകോടതി ജംഗ്ഷനിലെ സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ സമരക്കാരെ ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് തല്ലിച്ചതക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ അതിക്രൂരമായിട്ടാണ് ഇന്ന് നടന്ന സമരത്തിലും പോലീസ് പെരുമാറിയത്. പോലീസ് മര്‍ദ്ദനത്തില്‍ നിരവധിയാളുകളാണ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. യതീഷ് ചന്ദ്രയുടെ നടപടിയില്‍ സംസ്ഥാനമൊട്ടാകെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് വി.എസിന്റെ കത്ത് പ്രത്യക്ഷപ്പെടുന്നത്.