X

തോറ്റത് ജയ്ക്കല്ല , പിണറായിസ്റ്റ് സി.പി.എമ്മാണ് : ഡോ. ആസാദ്

ജെയ്ക്കല്ല തോറ്റത്. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പിണറായിസ്റ്റ് സി പി എമ്മുമാണ്. പാർട്ടി ഭക്തജനസംഘവും സൈബർ ക്വട്ടേഷൻകാരും ഊതിവീർപ്പിച്ചാൽ വലുതാവും, വികസന വിരാട് രൂപമാവും പിണറായി വിജയൻ എന്ന മൗഢ്യത്തിന് അടിയേറ്റിരിക്കുന്നു. ഭരണപരാജയം എന്ന വാസ്തവത്തിന്റെ മണ്ണിലേക്ക് എൽ ഡി എഫ് എന്ന മുന്നണിയെ തള്ളിയിട്ടിരിക്കുന്നു പുതുപ്പള്ളിയിലെ സമ്മതിദായകർ.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിലുള്ള ദുഖവും സഹാനുഭൂതിയും ഒരു തരംഗമായി എന്നു വിശ്വസിക്കുന്നവർ കാണും. അത് ലളിതമായ കാഴ്ച്ചയാണ്. ഉമ്മൻ ചാണ്ടി മരണാനന്തരവും പ്രസക്തനും ശക്തനുമായി വളർന്നത് സംസ്ഥാന ഭരണവുമായി മാറ്റുരയ്ക്കാൻ പര്യാപ്തമായ പ്രതിപക്ഷ പ്രതീകം എന്ന നിലയിലാണ്. പഴയ തോണിക്കാരന്റെ കഥയാണ് കാര്യം. ജനാധിപത്യ രാഷ്ട്രീയാധികാരം തീവ്രവലതു ചായ് വു പ്രകടിപ്പിക്കുമ്പോൾ മദ്ധ്യവലതു വിഭാഗങ്ങൾ സ്വീകാര്യരാവും. ആദരണീയരാവും. ഉമ്മൻചാണ്ടിയെ മുൻ നിർത്തി യു ഡി എഫ് പിണറായി വിജയനുമായി നടത്തിയ രാഷ്ട്രീയ സമരത്തിന്റെ ഏറ്റവും പുതിയമുഖമാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ്. അവിടത്തെ ജനവിധി സംസ്ഥാന ഭരണത്തിനുള്ള കടുത്ത ശാസനയാണ്.

ജനങ്ങൾ വിഡ്ഡികളല്ല. ഊമകളോ ബധിരരോ ആണെന്നു തോന്നാം. പക്ഷേ, സാമാന്യബോധമില്ലാത്ത വെറും അടിയാളക്കൂട്ടങ്ങളാണെന്ന് കരുതരുത്. കേരളത്തിലെ എൽ ഡി എഫ് ഗവണ്മെന്റിനെ നയിക്കുന്നവർ ജനങ്ങളെ മാനിക്കാൻ പഠിക്കണം. മാസപ്പടിയും ഡോളർ കടത്തും ധൂർത്തും മുതൽ നികുതിവർദ്ധന, വിലക്കയറ്റം, സാമൂഹിക അരക്ഷിതാവസ്ഥ, കസ്റ്റഡി കൊലപാതകം തുടങ്ങി നീളുന്ന ദുർവൃത്തികൾ വരെ ജനങ്ങൾ കാണുന്നു. അവർ പ്രതികരിക്കുന്നു. ഭരിക്കുന്നവരുടെ കുറ്റകരമായ നിശ്ശബ്ദതയ്ക്ക് ശിക്ഷ വിധിക്കുന്നു.

പുതുപ്പള്ളിയിലേത് ജെയ്ക്കിന്റെ വ്യക്തിപരമായ തോൽവിയോ ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമോ അല്ല. രാഷ്ട്രീയമായി സർക്കാറിനെതിരെ തിരിഞ്ഞ പൗരസമൂഹത്തിന്റെ ശക്തമായ വിധിയെഴുത്താണ് നടന്നത്. അത് ആ അർത്ഥത്തിൽ മനസ്സിലാക്കിയാൽ സി പി എമ്മിനും എൽ ഡി എഫിനും നന്ന്.

ആസാദ്
08 സെപ്തംബർ 2023

webdesk15: