X

യു.ഡി.എഫ് ആരവത്തിന് കാതോര്‍ത്ത് പുതുപ്പള്ളി

കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എത്തുന്നു. 53 വര്‍ഷം ഉമ്മന്‍ ചാണ്ടിയെ അജയ്യനായി വാഴിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ കന്നി പോരിനിറങ്ങുകയാണ്, എന്നും പിതാവിനൊപ്പം നിന്ന പുതുപ്പള്ളി തന്നെയും പിന്തുണയ്ക്കുമെന്ന പൂര്‍ണ വിശ്വാസത്തോടെയാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. ജനനായകന്‍ ഉമ്മന്‍ ചാണ്ടിക്ക് ചരിത്രം സൃഷ്ടിച്ച യാത്രയയപ്പ് നല്‍കിയ കേരള ജനതയുടെ സ്‌നേഹം പുതുപ്പള്ളിയില്‍ ഇരട്ടിയായി ലഭിക്കുമെന്ന പൂര്‍ണ വിശ്വസം യു.ഡി.എഫിനുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെ ഉമ്മന്‍ചാണ്ടിയെ തുണച്ച മണ്ഡലം നിലനിര്‍ത്താനായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യു.ഡി.എഫിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂര്‍ മാത്രമാണ് വേണ്ടി വന്നത്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാവാന്‍ ആരെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് മുന്നില്‍ ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരവുമായി, അദ്ദേഹത്തിന്റെ മൃതദേഹം ഒരുനോക്കു കാണാന്‍ കാത്തിരുന്ന ജനങ്ങള്‍ക്കു മുന്നില്‍ കൂപ്പുകൈയുമായി തലസ്ഥാന നഗരം മുതല്‍ പുതുപ്പള്ളി വരെ സഞ്ചരിച്ച ചാണ്ടി ഉമ്മന്‍ എന്ന മകനെ കേരളക്കര മറക്കാനിടയില്ല. ഇപ്പോള്‍ അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം നിലനിര്‍ത്താനായി പുതുപ്പള്ളിക്കാരിലേക്ക് ജനവിധി അറിയാന്‍ ഇറങ്ങുകയാണ് കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ നിന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്നതിനേക്കാളുപരി കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ചാണ്ടി ഉമ്മന്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനാണ്. യു.ഡി.എഫിന്റെ വിജയാരവത്തിനായി ഇനി അരയും തലയും മുറുക്കിയുള്ള പ്രചാരണത്തിന്റെ 27 നാളുകളാണ് പുതുപ്പള്ളിക്കാര്‍ക്ക്. ജനജീവിതം ഇത്രമേല്‍ ദുഷ്‌കരമാക്കിയ ഇടതു സര്‍ക്കാറിനെതിരെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണിത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 9,044 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി സിപിഎമ്മിലെ ജെയ്ക് സി തോമസിനെ തോല്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് 63,372 വോട്ടും ജെയ്ക്കിന് 54,328 വോട്ടും ലഭിച്ചു. ബിജെപിക്ക് ആകെ നേടാനായത് 11,694 വോട്ട്. 1970ലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മല്‍സരിച്ചത്. ഇ.എം.ജോര്‍ജിനെതിരെ 7,288 വോട്ടായിരുന്നു ഭൂരിപക്ഷം. 2011ല്‍ സുജ സൂസന്‍ ജോര്‍ജ് എതിരാളിയായെത്തിയപ്പോള്‍ ലഭിച്ച 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഉയര്‍ന്നത്. 2016ല്‍ ജെയ്ക്കിനെതിരെ ജയം 27,092 വോട്ടിന്. കന്നിയങ്കത്തിലേതിനുശേഷം ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കം യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. വിജയിക്കാന്‍ വേണ്ടി മാത്രമല്ല,

രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ കാണുന്നത്. ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതുപോലും നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിനു വെല്ലുവിളിയാണ്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറ കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ജനം കൂട്ടത്തോടെ എത്തുന്നത് നേതാവിനോടുള്ള ജനങ്ങളുടെ സ്‌നേഹത്തിന്റെ തെളിവായി മാറുന്നു. 1970ല്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കാനെത്തും മുന്‍പ് രണ്ടു തവണ പുതുപ്പള്ളിയില്‍ ഇടത് പക്ഷം വിജയിച്ചിട്ടുണ്ട്. 1965ലും 67 ലുംസിപിഎമ്മിലെഇ. എം.ജോര്‍ജാണ് വിജയിച്ചത്. ഇ.എം.ജോര്‍ജിനെ തോല്‍പിച്ചാണ് ഉമ്മന്‍ ചാണ്ടി 1970ല്‍ ആദ്യമായി നിയമസഭയിലെത്തിയത്. ഉമ്മന്‍ ചാണ്ടി, എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്ന 1980ലും പുതുപ്പള്ളി ഇടതുപക്ഷത്തേക്കു തിരിഞ്ഞു. അല്ലാത്തപ്പോഴെല്ലാം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയിലൂടെ കോണ്‍ഗ്രസിന്റെ സ്വന്തമായിരുന്നു. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. മുന്‍പ് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പനച്ചിക്കാടും പള്ളിക്കത്തോടും 2011ലെ പുനര്‍നിര്‍ണയത്തില്‍ പുതുപ്പള്ളി വിട്ടുപോയപ്പോള്‍ മണര്‍കാടും വാകത്താനവും മണ്ഡലത്തിലേക്കു വന്നു.

webdesk11: