X

പുതുനായകന്‍- പ്രതിഛായ

ആപ്പിള്‍ കൃഷിയും ടൂറിസവും വിളയുന്ന ഹിമാചല്‍ പ്രദേശിന് രാഷ്ട്രീയപരമായി ഒരു പ്രത്യേകതയുണ്ട്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണ മാറ്റം നിര്‍ബന്ധം. ഇത്തവണ ഇതിന് അറുതി വരുത്തി ഹിമാചല്‍ പിടിക്കാമെന്ന പ്ലാനുമായി ബി.ജെ.പി കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രി മോദി മുതല്‍ സകല മന്ത്രിമാരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇത്തവണ അധികാരം കൈവിട്ടു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഭരണത്തിലേറ്റിയതില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരത്തോടൊപ്പം തന്നെ സംസ്ഥാന നേതൃത്വവും മുഖ്യ ഘടകമാണ്.

ഹിമാചലില്‍ കോണ്‍ഗ്രസ് നേടിയത് ചെറിയ വിജയമാണെന്ന് സ്ഥാപിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ മുതല്‍ പ്രാദേശിക മാധ്യമങ്ങള്‍ വരെ കൊണ്ടുപിടിച്ച ശ്രമവും നടത്തിനോക്കി. ഗുജറാത്തിലെ തിളക്കം വാനോളം പൊക്കിയടിച്ചു. പക്ഷേ കേന്ദ്ര മന്ത്രി അനുരാക് താക്കൂറിന്റെ ജില്ലയിലെ അഞ്ചില്‍ അഞ്ചു മണ്ഡലങ്ങളും ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ തട്ടകവും കോണ്‍ഗ്രസ് പൊളിച്ചടുക്കിയത് കണ്ടില്ലെന്ന് നടിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം. പൊന്‍പ്രഭയുള്ള വിജയമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേടിയത്. ഹിമാചലിലെ ഭൂരിപക്ഷം ബിഹാറിനെ പോലെയോ യു.പിയെ പോലെയോ ഒരു ലക്ഷമൊക്കെ ഉണ്ടാകുമെന്ന് പൊതു ജനത്തെ ധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇതിനായി വോട്ട് ശതമാന കണക്കുമായി ഇറങ്ങിത്തിരിച്ചു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി അധികാരം പിടിച്ചതും ഇതേ പോലെ നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നുവെന്നത് കണക്കുകള്‍ വ്യക്തമാക്കുന്നു. 68ല്‍ 40 സീറ്റുമായാണ് ഇത്തവണ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്.

ഹാമിര്‍പൂര്‍ ജില്ലയിലെ നദൗന്‍ മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട സുഖ്‌വീന്ദര്‍ സിങ് സുകുവാണ് ഇത്തവണ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരിലൊരാള്‍. സംസ്ഥാനത്തെ പ്രബല വിഭാഗമായ താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള അഭിഭാഷകനായ സുകു കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1980കളില്‍ ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ എന്‍.എസ്.യു.ഐക്ക് വേണ്ടി പോരാടിയാണ് മുഖ്യധാരയിലെത്തുന്നത്. 2000ത്തില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഉയര്‍ന്നു. ഷിംല മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിക്കുകയും 2008ല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ സെക്രട്ടറിയാവുകയും ചെയ്തു. 2009ല്‍ കുല്‍ദീപ് രാത്തോഡിനെതിരെ വിമത പട ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ മാറ്റി സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷനായി മറ്റൊരാളെ കൊണ്ടുവരാന്‍ ആലോചിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റിന് സുകുവല്ലാതെ മറ്റൊരു പേര് തേടേണ്ടി വന്നില്ല.

ഇത്തവണ ഹിമാചലില്‍ പാര്‍ട്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സുഖ്‌വീന്ദര്‍ സിങ് സുകു തന്നെയായിരുന്നു. എന്നും പാര്‍ട്ടിയുടെ വിധേയനായി നിന്ന മുന്‍ സംസ്ഥാന അധ്യക്ഷനായ 58കാരന്‍ സുഖ്‌വീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. വര്‍ഷങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കേഡറുകള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ സുഖ് വീന്ദര്‍ സിങ് സുകുവിനായിട്ടുണ്ട്. സ്വന്തം നാടായ നദൗനില്‍ നിന്നും 2003ലാണ് നിയമസഭയിലേക്ക് ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ വിജയം കണ്ട സുകുവിനെ 2007ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍ മത്സരിപ്പിച്ച പാര്‍ട്ടിക്ക് തെറ്റിയില്ല. പിന്നീട് 2017ലാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്. 2021ല്‍ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ ഹിമാചലില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഫത്തേപ്പുര്‍, അര്‍കി, ജുബ്ബല്‍ കോട്ഖായി നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇത്തരമൊരു വലിയ തിരിച്ചടി ബി.ജെ.പി പ്രതീക്ഷിച്ചിരുന്നുമില്ല.

തുടര്‍ഭരണം സാധ്യമാക്കുക എന്ന ജയ്‌റാം ഠാക്കൂറിന്റെയും സംഘത്തിന്റെയും സ്വപ്‌നമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ഒലിച്ചുപോയത്. ഉള്‍പ്പാര്‍ട്ടി കലഹവും വിമതസാന്നിധ്യവും തലപ്പൊക്കമുണ്ടായിരുന്ന വീരഭദ്ര സിങ്ങിനെ പോലൊരു നേതാവിന്റെ അഭാവവുമൊക്കെ ഹിമാചലിലെ കോണ്‍ഗ്രസിന്റെ തലവേദനകളായിരുന്നു. എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാന്‍ സുഖ്‌വീന്ദര്‍ സിങ് സുകുവിന്റെ നേതൃത്വത്തിലുള്ള നേതൃത്വം തന്നെയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ന്യൂ പെന്‍ഷന്‍ സ്‌കീം (എന്‍.പി.എസ്.), ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം (ഒ.പി.എസ്.) എന്നിവ തമ്മിലുള്ള പോരാട്ടവേദികൂടിയായിരുന്നു ഹിമാചലിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ്. രണ്ടര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുള്ള സംസ്ഥാനമാണ് ഹിമാചല്‍. രണ്ടുലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. ഹിമാചല്‍ പോലൊരു സംസ്ഥാനത്ത് ഇത് ഒരു വലിയ വോട്ടു ബാങ്കാണ്. അധികാരത്തിലെത്തുന്നപക്ഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൂടുതല്‍ ഗുണകരമായ ഒ.പി.എസ് പുനഃസ്ഥാപിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. അധികാരത്തിലുള്ള രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒ.പി.എസ് നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തിയത്.

Test User: