X

മേപ്പാടി പുത്തുമലയില്‍ ഏഴു മൃതദേഹം കിട്ടി; രക്ഷാപ്രവര്‍ത്തനം ശക്തമാക്കി

പുത്തുമല (മേപ്പാടി): വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്‌റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്.

സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും രംഗത്തുണ്ട്.പൊലീസും റെവന്യു അധികാരികളും സ്ഥലത്തുണ്ട്. അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ് നന്നാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
വ്യാഴാഴ്ച പകല്‍ 3.30 ഓടെ വന്‍ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകള്‍ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ് രക്ഷിച്ചത്. എത്ര പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്.

പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാര്‍ഗവും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ട്. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയും, സൈന്യവും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ബുധനാഴ്ച മുതല്‍ കനത്ത മഴയാണ് ഇവിടെ. 300 പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു.

ബുധനാഴ്ച വൈകിട്ട് തുടങ്ങി മഴ വ്യാഴാഴ്ചയും ശക്തമായി. രാവിലെ പലഭാഗത്തും ചെറിയതോതിലുള്ള മണ്ണിടിച്ചല്‍ ഉണ്ടായി. പ്രദേശത്തെ അഞ്ച് പാലങ്ങളും ഒലിച്ചുപോയി. വൈകിട്ട് മൂന്നരയോടെ വലിയ തോതില്‍ മലയിടിയുകയായിരുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കുമുണ്ടായി. മേപ്പാടി ടൗണില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്‌റ്റേറ്റായ പുത്തുമല.

chandrika: