X

ന്യൂനപക്ഷങ്ങള്‍ക്കു പകരം ബി.ജെ.പി നേതാക്കളെ എം.എല്‍.എമാരായി നാമനിര്‍ദേശം ചെയ്തു; പുതുച്ചേരിയില്‍ കിരണ്‍ ബേദിയും സര്‍ക്കാറും തമ്മില്‍ വടം വലി ശക്തമാവുന്നു

 

പുതുച്ചേരി: സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസും ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പുതിയ തലത്തില്‍. മൂന്ന് ബി.ജെ.പി നേതാക്കളെ എം.എല്‍.എമാരായി ബേദി നാമനിര്‍ദേശം ചെയ്തതാണ് അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് മൂന്ന് പേരെ എം.എല്‍.എമാരായി നാമനിര്‍ദേശം ചെയ്ത ലഫ്.ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ചട്ടപ്രകാരം നാമനിര്‍ദേശം ചെയ്ത നടപടി നിയമ വിധേയമാണെന്നാണ് ബേദിയുടെ അവകാശ വാദം. ബി.ജെ.പി പുതുച്ചേരി പ്രസിഡന്റ് വി സ്വാമിനാഥന്‍, ട്രഷറര്‍ കെ.ജി ശങ്കര്‍, ബി.ജെ.പിയുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എസ് സെല്‍വഗണപതി എന്നിവരെയാണ് ബേദി എം.എല്‍.എമാരായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ സര്‍ക്കാറുമായി കൂടിയാലോചിക്കാതെ ഇത്തരത്തില്‍ എം.എല്‍.എമാരായി നാമനിര്‍ദേശം ചെയ്ത നടപടി അട്ടിമറിയാണെന്നു പറഞ്ഞ മുഖ്യമന്ത്രി നാരായണ സ്വാമി ഇവരില്‍ രണ്ടു പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പറഞ്ഞു. ഇവരെ നാമനിര്‍ദേശം ചെയ്യുകയും സത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്ത ലഫ്.ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നും സത്യപ്രതിജ്ഞക്കുള്ള അധികാരം നിയമസഭാ സ്പീക്കര്‍ക്കാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനായാണ് എം.എല്‍.എമാരെ നാമനിര്‍ദേശം ചെയ്യുന്നത്. മത്സ്യ ബന്ധന വിഭാഗക്കാര്‍ക്കും ആറു ശതമാനം വരുന്ന കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കേണ്ട നാമനിര്‍ദേശം ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ക്ക് നല്‍കിയ ലഫ്.ഗവര്‍ണര്‍ എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു. ഡി.എം.കെ, സി.പി.എം, വി.സി.കെ എന്നീ കക്ഷികള്‍ ഇതിനെതിരെ എട്ടാം തീയതി പുതുച്ചേരിയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കിരണ്‍ ബേദിയുടെ ബി.ജെ.പി അനുകൂല നിലപാടിനെതിരെ പുതുച്ചേരിയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

 

chandrika: