X

സഹോദരന്‍ ബിജെപിയില്‍ പോയ സംഭവം; പ്രതികരണവുമായി പുഷ്പന്‍

കണ്ണൂര്‍: സഹോദരന്‍ പുതുക്കിടി ശശി ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കൂത്തുപറമ്പ് വടിവെപ്പില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന പുഷ്പന്‍. സഹോദരന്‍ ശശി തങ്ങളുടെ കുടുംബത്തില്‍ നിന്നും ഏറെ നാളായി അകന്നുകഴിയുന്ന ആളാണെന്ന് പുഷ്പന്‍ പറഞ്ഞു. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പന്‍ പറഞ്ഞു.ചീട്ടുകളി, മദ്യപാനം എന്നീ ശീലങ്ങള്‍ ശശിക്കുണ്ടെന്നും പുഷ്പന്‍ വ്യക്തമാക്കി.

പൈല്‍സ്, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ള ആളാണ് ജ്യേഷ്ഠന്‍. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെയും തന്റെയും സഹോദരങ്ങള്‍ക്കെതിരെയും, സ്വന്തം മകനെതിരെയും പൊലീസില്‍ പരാതി നല്‍കിയ ആളാണ് ശശിയെന്നും പുഷ്പന്‍ പറയുന്നു.

ചീട്ടുകളി മൂലം രണ്ട് സ്ഥലം വില്‍ക്കേണ്ടി വന്നയാളാണ് ശശിയെന്നും അദ്ദേഹം പറഞ്ഞു. രക്തബന്ധം കൊണ്ട് സഹോദരന്മാര്‍ ആണ്. പക്ഷെ ഏറെ നാളുകളായി സഹോദരീ സഹോദരന്മാരുമായും മകനുമായും അദ്ദേഹത്തിന് ബന്ധമില്ല. പുഷ്പന്‍ വിശദീകരിച്ചു.

ഇന്ന് രാവിലെയാണ് തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസില്‍ വച്ച് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു ശശിക്ക് അംഗത്വം നല്‍കി സ്വീകരിച്ചത്.

കോയമ്പത്തൂരില്‍ ബിസിനസുകാരനായ ശശി സിപിഎം പ്രവര്‍ത്തകനായിരുന്നു. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ശശി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്ന് ശശി പറഞ്ഞു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശശി. സിപിഎം എക്കാലത്തും കൊട്ടിഘോഷിക്കുന്ന രക്തസാക്ഷി കുടുംബത്തിലെ അംഗം തന്നെ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

 

 

 

 

web desk 1: