X
    Categories: indiaNews

സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി, സംസ്ഥാനത്തെ യൂറോപ്പാക്കുമെന്ന് പ്രഖ്യാപനം; നിതീഷിനും തേജസ്വിക്കുമിടയില്‍ ഇതാ പ്രിയ ചൗധരി

ബിഹാര്‍ രാഷ്ട്രീയത്തിലെ പുതിയ മുഖമാണ് പുഷ്പം പ്രിയ ചൗധരി. ജനതാദള്‍ യുണൈറ്റഡ് നേതാവ് വിനോദ് ചൗധരിയുടെ മകളാണ്. ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ് അവര്‍ ബിഹാറിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് പാദമൂന്നുന്നതായി പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ കേവലമായ ഒരു പ്രഖ്യാപനമായിരുന്നില്ല അത്. സ്വന്തമായി പ്ലൂരല്‍ പാര്‍ട്ടി എന്ന പേരില്‍ ഒന്ന് രൂപീകരിച്ച് , മുന്‍നിര പത്രങ്ങളില്‍ അതിന്റെ പരസ്യം നല്‍കി, സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി, സംസ്ഥാനത്തെ യൂറോപ്പാക്കുമെന്ന് വരെ പ്രഖ്യാപിച്ചാണ് ആ പ്രവേശം.

വനിതാ ദിനത്തെയാണ് ആ വമ്പന്‍ പ്രഖ്യാപനത്തിനായി പുഷ്പം പ്രിയ തെരഞ്ഞെടുത്തത്. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ രണ്ടു പേജില്‍ പരസ്യവും നല്‍കി. ‘ബിഹാറിന് ഇനിയും കൂടുതല്‍ വേണ്ടതുണ്ട്, മികച്ചത് സാധ്യമാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പരസ്യം.

ബിഹാറിനെ യൂറോപ്പിന്റെ നിലയിലെത്തിക്കും എന്നാണ് മറ്റൊരു പ്രഖ്യാപനം. 2030 ഓടെ ഇത് സാധ്യമാക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. 33കാരിയായ പുഷ്പം പാര്‍ട്ടിയുടെ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 243 സീറ്റുകളിലും പ്ലൂരല്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ് പ്ലൂരല്‍ പാര്‍ട്ടി. പാര്‍ട്ടിയില്‍ 50 ശതമാനവും മത്സരിക്കുന്നത് വനിതകളാണ്. അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, തുടങ്ങിയ വിദ്യാസമ്പന്നരായ ആളുകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം.

പാറ്റ്‌നയിലെ ബങ്കിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് പുഷ്പം പ്രിയ മത്സരിക്കുന്നത്. മൂന്ന് തവണ ബിജെപിയെ പ്രതിനിധീകരിച്ച് എംഎല്‍എയായ നിതിന്‍ നവീനും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയും ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകനുമായ ലവ് സിന്‍ഹയുമാണ് അവിടെ പ്രധാന എതിരാളികള്‍. 27.89 ലക്ഷം രൂപയാണ് ബാങ്ക് ബാലന്‍സെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ആഭരണങ്ങളും രത്‌നങ്ങളുമുണ്ട്.

ബിഹാറിലെ ജനതയെ മനസിലാക്കാനായി കഴിഞ്ഞ ഏഴു മാസമായി ബിഹാര്‍ ഗ്രാമങ്ങളുടെ ഉള്ളറകളില്‍ പര്യടനത്തിലായിരുന്നു അവര്‍.

web desk 1: