X
    Categories: indiaNews

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

പുഷ്പ2ന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ്. ഹൈദരാബാദിലെ സന്ധ്യ തീയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സന്ധ്യ തീയറ്ററില്‍ രാത്രി 11 മണിക്കായിരുന്നു പ്രീമിയര്‍ ഷോ. എന്നാല്‍ തീയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പേ ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്‍ജുന്‍ കുടുംബ സമേതം സിനിമ കാണാന്‍ എത്തിയതോടെ ആരാധകര്‍ തീയറ്ററിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഈ തിരക്കിനിടയില്‍ പെട്ട് ഹൈദരാബാദ് സ്വദേശി രേവതി കുഴഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ ചിതറി ഓടിയതോടെ സ്ത്രീയുടെ ദേഹത്തേക്ക് നിരവധിപേര്‍ വീണു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയതാണ് കാരണമായതെന്ന് പൊലീസ് അറിയിച്ചു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

 

 

webdesk17: