ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് സൗജന്യവും ആനുകൂല്യങ്ങളും നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രത്തിന്റെ സാമ്പത്തിക വ്യയങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം മുഴുവന്‍ എങ്ങോട്ടാണ് പോകുന്നതെന്നും കെജ്‌രിവാള്‍ ചോദിച്ചു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സൗജന്യ വാഗ്ദാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുപ്രീംകോടതിയെ സമീപിച്ചതും കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ സുപ്രീംകോടതിയില്‍ അനുകൂലിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം. സാമ്പത്തിക ചെലവ് വെട്ടിച്ചുരുക്കാനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ സൈനിക നിയമനം പോലും കരാര്‍ വല്‍ക്കരിക്കുന്നതും അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതും. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ നികുതി വിഹിതം 42 ശതമാനത്തില്‍ നിന്ന് 29 ശതമാനമാക്കി കുറച്ചിരിക്കുന്നു. ഭക്ഷ്യ സാധനങ്ങള്‍ക്കു പോലും ജി.എസ്.ടി ചുമത്താന്‍ തുടങ്ങി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം 25 ശതമാനം വെട്ടിക്കുറച്ചു. എന്നിട്ടും പിരിച്ചെടുക്കുന്ന നികുതിപ്പണമെല്ലാം എങ്ങോട്ടാണ് പോകുന്നത്. 3.5 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്ന് മാത്രം കേന്ദ്രത്തിന് ഒരു വര്‍ഷം നികുതിയായി ലഭിക്കുന്നത്. എന്നിട്ടും സൗജന്യ വിദ്യാഭ്യാസത്തിനും പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനേയും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. സൈനികര്‍ക്ക് പോലും പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്ന് പറയുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക വ്യയങ്ങളില്‍ അടിമുടി പൊരുത്തക്കേടുണ്ട്. പാവങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ തന്നെയാണ് അതിസമ്പന്നരുടെ 10 ലക്ഷം കോടിയുടെ വായ്പയും അഞ്ച് ലക്ഷം കോടിയുടെ നികുതിയും എഴുതിത്തള്ളി- അദ്ദേഹം ആരോപിച്ചു.