X

പൂരം കലക്കല്‍ വിവാദം; കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകും: വി ഡി സതീശന്‍

തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൂരം കലക്കല്‍ വിവാദവുമായി കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് എന്താണ് പ്രസക്തിയെന്നും വി ഡി സതീശന്‍ ആരാഞ്ഞു.

പൂരം കലക്കിയതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പൂരം കലക്കിയെന്നാണ് കെ രാജന്‍ പോലും നിയമസഭയില്‍ പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു. ബാലചന്ദ്രന്‍ എംഎല്‍എയും ഇക്കാര്യം സഭയില്‍ പറഞ്ഞെന്നും സുരേഷ് ഗോപി ആംബുലന്‍സില്‍ നാടകീയമായാണ് സംഭവസ്ഥലത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് മാത്രമല്ല വൈകിയതെന്നും മടത്തില്‍ വരവും കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പും തെക്കേ ഗോപുരത്തിലേക്കുള്ള ഇറക്കവും അലങ്കോലമായെന്നും സതീശന്‍ പറഞ്ഞു. കേസില്‍ അന്വേഷണം നടത്തിയാല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും പൂരം കലക്കാനുള്ള ബ്ലൂപ്രിന്റാണ് എം ആര്‍ അജിത് കുമാര്‍ തയ്യാറാക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സിപിഐഎമ്മിന് ജീര്‍ണ്ണത ബാധിച്ചെന്നും പി പി ദിവ്യയുമായി ബന്ധപ്പെട്ട വിഷയം, പൂരം കലക്കല്‍, കോഴ വിവാദം എന്നിവയിലടക്കം സിപിഎമ്മില്‍ വിവിധ അഭിപ്രായങ്ങളാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

webdesk17: