തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍. ഇവരെല്ലാം എസ്ഡിപിഐ ബന്ധമുളളവരാണെന്നും ഡിഐജി വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഡിഐജി പറഞ്ഞു.
ചാവക്കാട്, ഗുരുവായൂര്‍ മേഖലകളിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുളള 20 പേരില്‍ നാലു പേര്‍ക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 6 മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടാക്കിയവരും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തുവരികയാണെന്നും ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിനായി 10 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നത്. നൗഷാദിനൊപ്പമുളളവരെ അക്രമികള്‍ ലക്ഷ്യം വെച്ചിരുന്നില്ല. നൗഷാദിനെ വെട്ടുന്നത് തടഞ്ഞപ്പോള്‍ അക്രമികളുടെ കയ്യില്‍ വെച്ചു കെട്ടിയിരുന്ന കൂര്‍ത്ത മുനയുളള കത്തികൊണ്ട് ഇവര്‍ക്ക് വെട്ടേല്‍ക്കുകയായിരുന്നു.
പ്രദേശത്ത് നിന്ന് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നേരത്തെ നടന്ന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.