പഞ്ചാബിലെ തോക്ക് സംസ്‌കാരത്തിനെതിരെ നടപടികളുമായി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ.ഇതുവരെ രണ്ടായിരത്തിലധികം ആയുധ ലൈസൻസുകളാണ് സംസ്ഥാനത്തു റദ്ദാക്കിയത്. ഇന്ന് മാത്രം സംസ്ഥാനത്തെ 813 തോക്കുകളുടെ ലൈസൻസ് റദ്ദാക്കി.
ലുധിയാന റൂറലിൽ നിന്ന് 87, ഷഹീദ് ഭഗത് സിംഗ് നഗറിൽ നിന്ന് 48, ഗുർദാസ്പൂരിൽ നിന്ന് 10, ഫരീദ്കോട്ടിൽ നിന്ന് 84, പത്താൻകോട്ടിൽ നിന്ന് 199, ഹോഷിയാപൂരിൽ നിന്ന് 47, കപൂർത്തലയിൽ നിന്ന് 6, എസ്എഎസ് കസ്ബയിൽ നിന്ന് 235, സംഗൂരിൽ നിന്ന് 16 എന്നിങ്ങനെയാണ് ലൈസൻസുകൾ റദ്ദാക്കിയത്. അമൃത്സർ കമ്മീഷണറേറ്റിലെ 27 പേരുടെയും ജലന്ധർ കമ്മീഷണറേറ്റിലെ 11 പേരുടെയും മറ്റ് പല ജില്ലകളിലെയും ആയുധ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്.
തോക്കുകൾ സൂക്ഷിക്കാൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു, പഞ്ചാബിൽ പൊതു ചടങ്ങുകൾ, മതപരമായ സ്ഥലങ്ങൾ, വിവാഹ ചടങ്ങുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പരിപാടികൾ എന്നിവയിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഇപ്പോൾ നിരോധനമുണ്ടെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി.
അക്രമത്തെയും ആയുധങ്ങളെയും മഹത്വവൽക്കരിക്കുന്നത് പൂർണമായി നിരോധിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ സർക്കാർ അറിയിച്ചു, വരും ദിവസങ്ങളിൽ വിവിധ മേഖലകളിൽ റാൻഡം പരിശോധന നടത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബിൽ ആകെ 3,73,053 ആയുധ ലൈസൻസുകളുണ്ടെന്നാണ് കണക്ക് .