പഞ്ചാബിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. ഉച്ചഭക്ഷണ ഇടവേളയില്ലാതെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പുതിയ പ്രവർത്തന സമയം. ജൂലൈ 15 വരെയാണ് ഈ ക്രമീകരണം. വൈദ്യുതി ചെലവുകൾ ചുരുക്കാനും ഉൽപാദനക്ഷമത കൂട്ടാനുമാണ് സർക്കാർ സമയം പുന:ക്രമീകരിച്ചത്. ഇതിലൂടെ 42 കോടി രൂപ വരെ ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഓഫീസ് സമയത്തെക്കുറിച്ച് വനിതാ ജീവനക്കാർ പരാതിപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനും കുട്ടികളെ സ്‌കൂളിൽ വിടുന്നതിനുമൊക്കെ വലിയ പ്രയാസം നേരിടുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. അതെ സമയം ഓഫീസ് സമയം മാറ്റുന്നത് വളരെ മികച്ച ചുവടുവയ്പ്പാണെന്നും . ചെറിയ ചുവടുവയ്പുകൾ വലിയ നേട്ടങ്ങൾക്ക് കാരണമാകുമെന്നും എല്ലാ ജീവനക്കാരും സഹകരിക്കണമെന്നുമാണ് സർക്കാർ പറയുന്നത്.