X

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അധികാരമേറ്റു; സത്യപ്രതിജ്ഞ ലളിതമായ ചടങ്ങില്‍

ഛാണ്ഡിഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വി.പി സിങ് ബാദ്‌നോര്‍ സത്യവാചകം ചൊല്ലികൊടുത്തു. ചെലവു ചുരുക്കലിന്റെ ഭാഗമായി ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയ ചുരുക്കം ചില പ്രമുഖര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ആദ്യ ഘട്ടത്തില്‍ ഒമ്പതു മന്ത്രിമാരാണ് സ്ഥാനമേറ്റത്. നവജ്യോത് സിങ് സിദ്ദു, മന്‍പ്രീത് സിങ് ബാദല്‍, ബ്രഹം മൊഹീന്ദ്ര, ചരണ്‍ജിത് ചാനി, ത്രപദ് ബജ്വ, റാണ ഗുര്‍ജിത് എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണയായിട്ടില്ല. അരുണ്‍ ചൗധരി, റസിയ സുല്‍ത്താന എന്നിവര്‍ സഹമന്ത്രിമാരാണ്. നേരത്തെ നവ്‌ജ്യോത് സിങ് സിദ്ദു ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ക്യാബിനറ്റിലാണ് ഉള്‍പ്പെടുത്തിയത്.
പത്തു വര്‍ഷത്തിനു ശേഷമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തിന്റെ കടബാധ്യത കുറക്കുന്നതിന്റെ ഭാഗമായാണ് സത്യപ്രതിജ്ഞ ലളിതമായ ചടങ്ങില്‍ ചുരുക്കിയത്. ഇത്തരം ചെറിയ ചെലവു ചുരുക്കലുകള്‍ പോലും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറക്കാന്‍ സഹായിക്കുമെന്ന് അമരീന്ദര്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം തവണയാണ് അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത്.

chandrika: