ചണ്ഡീഗഡ്/പനാജി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് പഞ്ചാബും ഗോവയും വിധിയെഴുതി. പ്രതികൂല കാലാവസ്ഥക്കിടയിലും പഞ്ചാബില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. 75 ശതമാനം പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയ ഗോവയില്‍ 83 ശതമാനം ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കാര്യമായ അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 നിയസമഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു പോളിങ്.
കാലത്ത് ഏഴു മണിക്കാണ് ഗോവയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചയോടെ ശക്തിപ്പെട്ടു. ഭരണ കക്ഷിയായ ബി.ജെ.പിയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ നേര്‍ക്കുനേര്‍.
ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ടെങ്കിലും കാര്യമായ സ്വാധിനം ചെലുത്താനാവില്ലെന്നാണ് വിലയിരുത്തല്‍.അതിശൈത്യം തുടരുന്ന പഞ്ചാബില്‍ ഗോവയില്‍ പോളിങ് ആരംഭിച്ച് ഒരു മണിക്കൂറിനു ശേഷമാണ്( കാലത്ത് എട്ട് മണിക്ക്) പോളിങ് തുടങ്ങിയത്. എന്നാല്‍ ഗോവയില്‍ വൈകീട്ട് അഞ്ചു മണിക്ക് തന്നെ പോളിങ് അവസാനിച്ചു. ശക്തമായ ത്രികോണ മത്സരമാണ് പഞ്ചാബിനെ ശ്രദ്ധേയമാക്കുന്നത്. ഭരണ കക്ഷിയായ എസ്.എ.ഡി-ബി.ജെ.പി സഖ്യവും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നേര്‍ക്കുനേര്‍ വരുന്നതിനാല്‍ പതിവിലും കവിഞ്ഞ ആവേശം പ്രചാരണ രംഗത്തുണ്ടായിരുന്നു.
പോളിങിലും ഇത് പ്രതിഫലിച്ചു. കടുത്ത തണുപ്പിനെ അവഗണിച്ച് കാലത്തു മുതല്‍ തന്നെ പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട വരി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. പോളിങ് അവസാനിക്കുമ്പോഴും നീണ്ട വരി ദൃശ്യമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് അഞ്ചു മണിവരെ ബൂത്തിലെത്തിയ മുഴുവന്‍ പേര്‍ക്കും ടോക്കണ്‍ നല്‍കി വോട്ടു ചെയ്യാന്‍ അവസരം ഒരുക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും മണിപ്പൂരുമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങള്‍. മാര്‍ച്ച് എട്ടിനാണ് അവസാനഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് 11ന് എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ച് വോട്ടെണ്ണല്‍ നടക്കും.