X

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം ബോംബ് സ്‌ഫോടനം; 25 മരണം

ന്യൂഡല്‍ഹി: അക്രമങ്ങള്‍ പതിവായ ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു സമീപമുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 മരണം. 53 പേര്‍ക്കു പരുക്കേറ്റതായും പാക്ക് മാധ്യമം ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാനിലെ ലാഹോറില്‍ ഫിറോസ്പുര്‍ റോഡില്‍ അറഫ കരീം ഐടി ടവറിന് അടുത്തായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചതെന്നു ലാഹോര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. സ്‌ഫോടനം നടന്ന പ്രദേശത്തു കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചതായി എസ്പി ഇമ്രാന്‍ അവാന്‍ അറിയിച്ചു. പരുക്കേറ്റവരെ റെസ്‌ക്യു 1122 പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.

25 പേരുടെ മരണം സ്ഥിരീകരിച്ചതായി ദുരന്തനിവാര സേനയിലെ സജ്ജാദ് ഹുസൈന്‍ അറിയിച്ചു. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെ രണ്ടു വാഹനങ്ങള്‍ക്കു തകരാറുണ്ട്. ഫൊറന്‍സിക് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി.

ദുരന്തത്തില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്!വ തുടങ്ങിയവര്‍ അനുശോചിച്ചു.

അടുത്തിടെ ലാഹോറില്‍ ആക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭയ്ക്കു മുന്‍പിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 13 പേരാണു കൊല്ലപ്പെട്ടത്. 70 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞവര്‍ഷം ഇഖ്ബാല്‍ പാര്‍ക്കില്‍ ഈസ്റ്റര്‍ ആഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്കു പരുക്കേറ്റു.


chandrika: