ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയ സാധ്യത കല്‍പ്പിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് – സി വോട്ടര്‍ സര്‍വേ. അതേസമയം ഗോവയില്‍ എ.എ.പിക്ക് കാര്യമായ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന് സര്‍വേ പറയുന്നു. ഗോവയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കു സഭ വരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
പഞ്ചാബിലെ 117 സീറ്റുകളില്‍ 63 മണ്ഡലങ്ങളില്‍ എ.എ.പി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് 43 സീറ്റുകളില്‍ വിജയിക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പി-എസ്.എ.ഡി സഖ്യം 11 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. 117 മണ്ഡലങ്ങളില്‍നിന്നായി 19,417 പേരെ ഉള്‍പ്പെടുത്തിയാണ് സാമ്പിള്‍ സര്‍വേ തയ്യാറാക്കിയതെന്ന് ഹഫിങ്ടണ്‍ പോസ്റ്റു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയില്‍ ബി.ജെ.പി 15 സീറ്റിലും കോണ്‍ഗ്രസ് 14 സീറ്റിലും വിജയിക്കുമെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. എ.എ.പിക്ക് രണ്ട് സീറ്റിലാണ് സാധ്യത പറയുന്നത്. ശേഷിക്കുന്ന ഒമ്പത് സീറ്റില്‍ മറ്റു കക്ഷികള്‍ വിജയിക്കും. 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 അംഗങ്ങളുടെ പിന്തുണ കൂടിയേ തീരൂ. രണ്ടു കക്ഷികള്‍ക്കും ഇത് ലഭിക്കില്ലെന്നും തൂക്കു സഭ നിലവില്‍ വരുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.