X

പന്തു ചുരണ്ടല്‍ വിവാദം : സച്ചിനെ വലിച്ചിഴച്ച് വോണ്‍; പ്രതിഷേധവുമായി ആരാധകര്‍

ക്രിക്കറ്റ് ലോകത്ത് പന്തു ചുരണ്ടല്‍ വിവാദം പുതിയ വഴിതിരിവിലേക്ക്. ദക്ഷിണാഫ്രിക്കാക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബെന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ നായകന്‍ സ്റ്റീവ് സ്മിത്തിനേയും ഉപനായകന്‍ ഡേവിഡ് വാര്‍ണറേയും തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ ഹെറാള്‍ഡ് സണില്‍ എഴുതിയ ആര്‍ട്ടികളാണ് പുതിയ വിവാദത്തിന് തിരിക്കൊളുത്തിയത്.

പന്തില്‍ കൃത്രിമം കാണിച്ചതില്‍ കുറ്റക്കാരായ താരങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി അല്പം കടുത്ത് പോയി. പന്തില്‍ കൃത്രിമ കാണിക്കുന്നത് ക്രിക്കറ്റില്‍ സാധാരണമാണ്. പന്ത് ചുരടിയതിന് രണ്ടു തവണ ശിക്ഷിക്കപ്പെട്ടയാളാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലീസസ്. അവരുടെ പ്രധാന ബൗളറായ ഫിന്‍ലാഡറും ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടയാളാണ്. ഇത്തരക്കാരുടെ പട്ടിക നിരത്തിയാല്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മൈക്ക് ആതര്‍ട്ടണ്‍ തുടങ്ങി പേരുകള്‍ വരെ കാണാം. ഈ ലിസ്റ്റ് ഒത്തിരി നീളുമെന്നും അദ്ദേഹം എഴുതി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

 

ആര്‍ട്ടികളില്‍ അനാവശ്യമായി സച്ചിനെ വലിച്ചിഴച്ചതെന്നാണ് ആരാധകരുടെ വാദം. സച്ചിന്റെ കാര്യത്തില്‍ സത്യാവസ്ഥ എല്ലാവര്‍ക്കുമറിയാമെന്നും താങ്ങളെ എന്തിനാണ് ക്രിക്കറ്റില്‍ നിന്നും വിലക്കിയതെന്ന് ഓര്‍മയുണ്ടോയെന്നും ആരാധകര്‍ മറുപടിയായി വോണിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. സച്ചിനെ അപമാനിച്ചതിന് താങ്ങള്‍ മാപ്പു പറയണമെന്നാണ് മറ്റു ചിലരുടെ ആവശ്യം. ഏതായാലും വോണിന്റെ വിവാദ പോസ്റ്റിനെതിരെ ആരാധകരോഷം ഇരമ്പുകയാണ്.

2001ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. വിവാദത്തില്‍ സച്ചിനെതിരെ അന്വേഷണത്തിന് ഐ.സി.സി ഉത്തരവിട്ടിരുന്നെങ്കിലും അമ്പയര്‍മാരുടെ അനുവാദത്തോടെ പന്തില്‍ പറ്റിപ്പിടിച്ചിരുന്ന ചെളി മാറ്റുകയായിരുന്നു സച്ചിന്‍ ചെയ്തതെന്നും കുറ്റക്കാരനല്ലെന്ന് വിധിക്കുകയുമായിരുന്നു.

chandrika: