പൂനെ:ഐ.എസ്.എല്‍ മൂന്നാം സീസണിലെ അഞ്ചാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേര്‍സിന് സമനില. പൂനെ എഫ്‌സിക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്‌റ്റേര്‍സ് സമനില വഴങ്ങി. നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ട് പോയിന്റും.
മൂന്നാം മിനിറ്റില്‍ ഹെങ്ബര്‍ട്ടിന്റെ തകര്‍പ്പന്‍ ഗോളിലാണ് കേരള ടീം മുന്നില്‍ കടന്നത്. ഇടതുവശത്തു നിന്നുള്ള ഹോസു കുറെയ്‌സിന്റെ കോര്‍ണര്‍ കിക്കിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്. ബോക്‌സിലേക്ക് താണിറങ്ങിയ പന്ത് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യുന്നതില്‍ പൂനെ പ്രതിരോധം വിജയിച്ചെങ്കിലും പന്തെത്തിയത് ബോക്‌സിന് പുറത്ത് ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്റര്‍ അസ്‌റാക്ക് മഹ്മതിന്റെ കാലുകളില്‍. പന്ത് നിയന്ത്രിച്ച് ഛാഡ് മധ്യനിര താരം തൊടുത്ത വോളി പ്രതിരോധത്തില്‍ തട്ടിയെങ്കിലും ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹെങ്ബര്‍ട്ടിനു മുന്നിലാണ് പന്ത് വീണത്. ഫസ്റ്റ് ടൈം ഷോട്ടില്‍ നിന്നുള്ള ഫ്രഞ്ച് താരത്തിന്റെ ഷോട്ട് പൂനെ കീപ്പര്‍ക്ക് അവസരമൊന്നും നല്‍കിയില്ല.
രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ മാര്‍ക്വി താരം മുഹമ്മദ് സിസോക്കോയിലൂടെയായിരുന്നു പൂനെയുടെ സമനില ഗോള്‍. മികച്ച വോളിയിലൂടെ മുന്‍ ലിവര്‍പൂള്‍ താരമായ മുഹമ്മദ്, സന്ദീപ് നന്ദി കാത്ത കേരള വലയില്‍ പന്തെത്തിച്ചു. സമനിലയായതോടെ ജയത്തിനായി ഇരു ടീമുകളും പോരടിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. സമനിലയോടെ ബ്ലാസ്‌റ്റേര്‍സിന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായി. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ബ്ലാസ്‌റ്റേര്‍സ്.
തുടക്കത്തില്‍ വീണ ഗോള്‍ പൂനെയുടെ വീര്യം കൂട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സിന് പിടിപ്പത് പണിയായിരുന്നു ആദ്യ പകുതി മുഴുക്കെ. എങ്കിലും മാര്‍ക്കി താരം ആരോണ്‍ ഹ്യൂസിന്റെ നേതൃത്വത്തില്‍ കൊച്ചി ടീം പിടിച്ചുനിന്നു. 24-ാം മിനുട്ടില്‍ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് സന്ദര്‍ശകര്‍ രക്ഷപ്പെട്ടത്. ഗൗരമാംഗി സിങിന്റെ പാസില്‍ നിന്ന് ദ്രമാനെ ട്രവോറെയുടെ ക്ലോസ്‌റേഞ്ചില്‍ നിന്നുതിര്‍ത്ത ഷോട്ട് പുറത്തേക്കാണ് പോയത്. 33-ാം മിനുട്ടില്‍ അരിയാസിനെ ഫൗള്‍ ചെയ്തതിന് മൈക്കിള്‍ ചോപ്ര മഞ്ഞക്കാര്‍ഡ് കണ്ടു. ആദ്യപകുതിയുടെ അവസാന നിമിഷം ചോപ്ര തൊടുത്ത ഷോട്ട് ഏറെ പണിപ്പെട്ടാണ് പൂനെ കീപ്പര്‍ പിടിച്ചെടുത്തത്.