ചെന്നൈ: രണ്ട് വര്‍ഷം മുമ്പ് നിതിത കൗള്‍ എന്ന യുവതിയുടെ വേദന നിറഞ്ഞ ചിത്രം രാജ്യമെങ്ങും കണ്ണീരോടെ നെഞ്ചേറ്റിയിരുന്ന. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഭര്‍ത്താവ് മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്റെ പതാക പൊതിഞ്ഞ മൃതദേഹത്തിനരികെ കണ്ണീരോടെ നില്‍ക്കുകയായിരുന്നു അന്ന് നികിത കൗള്‍.
വിവാഹം കഴിഞ്ഞ് വെറും 10 മാസമായിപ്പോഴേക്കും നികിതക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. അവിടെ തളര്‍ന്നിരിക്കാന്‍ നികിത തയാറായില്ല. ഭര്‍ത്താവിന്റെ പാത തിരഞ്ഞെടുക്കാന്‍ അവര്‍ സധൈര്യം മുന്നോട്ടുവരികയായിരുന്നു. ഭര്‍ത്താവിന് അന്ത്യ ചുംബനം നല്‍കുമ്പോള്‍, വേദന കടിച്ചമര്‍തി മേജര്‍ വിഭൂതി ശങ്കറിന്റെ സ്വപ്‌നം കൂടി നികിത ഏറ്റെടുത്തു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഭര്‍ത്താവ് തുടങ്ങിവെച്ച ദൗത്യം നികിത ഏറ്റെടുക്കുകയാണ്. നികിത കൗള്‍ ഇനി ലെഫ്റ്റനന്റ് നികിത കൗളാണ്. ചെന്നൈയിലെ ട്രെയിനിങ് അക്കാദമിയിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി നികിത സൈന്യത്തില്‍ ചേര്‍ന്നു. ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡ് ലെഫ്. ജനറല്‍ വൈ കെ ജോഷിയാണ് നികിതയുടെ യൂണിഫോണില്‍ നക്ഷത്രം പതിച്ചത്. നികിതക്കൊപ്പം 31 വനിതാ സൈനികരാണ് പരിശീലനം പൂര്‍ത്തിയാക്കി സൈന്യത്തില്‍ ചേര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് വിഭുതി ശങ്കര്‍ വീരമൃത്യു വരിച്ചത്.നികിതയെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് ലെഫ്. ജനറല്‍ വൈ കെ ജോഷി പറഞ്ഞു. ഇത് വേറൊരു ലോകമാണ്. ഞാന്‍ ഇവിടെ ചുവടുവെച്ച ദിവസം, അദ്ദേഹം തുടങ്ങിയ അതേ യാത്രയാണ് ഞാന്‍ പിന്തുടരുന്നതെന്ന് തോന്നി. അവന്‍ ഇവിടെ എവിടെയോ ഉണ്ട്. എന്നെ നോക്കി എന്നെ പിടിച്ച് നിനക്ക് അത് സാധിച്ചു എന്ന് പറയുന്നു. ഭര്‍ത്താവിന്റെ ഓര്‍മയില്‍ നികിത പറഞ്ഞു. സൈന്യത്തില്‍ ചേരാനുള്ളതീരുമാനത്തെ ഇരു കുടുംബങ്ങളും തുടക്കത്തില്‍ എതിര്‍ത്തുവെങ്കിലും നിതികയുടെ ഉറച്ച തീരുമാനത്തില്‍ അവര്‍ സമ്മതം മൂളുകയുമായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.