മുംബൈ: പുല്‍വാമ ഭീകരാക്രമണം മോദിസര്‍ക്കാരിനും തന്റെ ചാനലിനും ഗുണംചെയ്യുമെന്ന് അര്‍ണബ് ആഹ്ലാദം പ്രകടിപ്പിച്ചതിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. മോദിസര്‍ക്കാര്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ നമ്മള്‍ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാര്‍ഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ അര്‍ണബ് പറയുന്നത്. ഇത് വലിയ ആള്‍ക്ക് ഗുണം ചെയ്യുമെന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹം വന്‍വിജയം നേടുമെന്നും പിന്നീട് പാര്‍ഥോ തിരിച്ചുപറയുന്നുമുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് ചാറ്റ് രേഖകള്‍ സൂചിപ്പിക്കുന്നു.
റിപ്പബ്ലിക് ചാനലിന്റെ ടി.ആര്‍.പി. റേറ്റിങ് കൂടാനും ഭീകരാക്രമണം സഹായിച്ചെന്ന് അര്‍ണബ് പറയുന്നുണ്ട്.കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അര്‍ണബിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അര്‍ണബ് ടി.വി. സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്.