കോവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗ വൈറസ് വ്യാപനം ഉണ്ടായതോടെ സുരക്ഷക്കായി പൊതുജനം ആശ്രയിച്ച മാസ്‌കിന് ക്ഷാമവും വിലക്കയറ്റവും. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന സര്‍ജിക്കല്‍ മാസ്‌ക്കിനാണ് ക്ഷാമം കൂടുതല്‍. ആവശ്യക്കാര്‍ കൂടിയതോടെയാണ് ക്ഷാമം തുടങ്ങിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. നേരത്തെ ഒന്നര രൂപയ്ക്ക് ആയിരുന്നു ഉല്‍പ്പാദകര്‍ സര്‍ജിക്കല്‍ മാസ്‌ക് വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അഞ്ചു രൂപ വരെയാണ് ഈടാക്കുന്നത്. അതിനു തന്നെ ക്ഷാമവുമാണ്. 50 എണ്ണം അടങ്ങിയ പായ്ക്കറ്റുകളില്‍ മാസ്‌ക് എണ്ണത്തില്‍ കുറവുമുണ്ട്. 30 മുതല്‍ 45 വരെ മാസ്‌കാണ് വലിയ പാക്കറ്റിലുള്ളത്. 100 രൂപക്ക് കിട്ടിയിരുന്ന ഒരു പാക്കറ്റിന് ഇപ്പോള്‍ 200 രൂപയായി.
വൈറസിനെ പ്രതിരോധിക്കാന്‍ 90 ശതമാനം വരെ സര്‍ജിക്കല്‍ മാസ്‌ക് ഫലപ്രദമാണെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ആവശ്യക്കാര്‍ ഏറിയത്. മാത്രമല്ല പൊതുസ്ഥലത്ത് രണ്ടു മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ വില കുറഞ്ഞതും ഫലപ്രദവുമായ സര്‍ജിക്കല്‍ മാസ്‌കിന് ആവശ്യക്കാരേറി. പലരും ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലുടെയാണ് മാസ്‌ക് വാങ്ങുന്നത്. ഈ പാക്കിലാണ് എണ്ണം കുറവുള്ളത്.
എന്‍95 മാസ്‌കുകള്‍ക്ക് മാര്‍ക്കറ്റില്‍ 85 രൂപ മുതല്‍ 110 രൂപവരെയാണ് വില ഈടാക്കുന്നത്. ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ഇതാണ് ഉപയോഗിക്കുന്നത്. എന്‍ 95 മാസ്‌കില്‍ വിലകുറഞ്ഞ വ്യാജന്‍മാരും വിലസുന്നുണ്ട്. വിലക്കൂടുതല്‍ കാരണം പലരും കോട്ടണ്‍ മാസ്‌കും സര്‍ജിക്കല്‍ മാസ്‌കുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കോട്ടണ്‍ മാസ്‌കിന് 10 രൂപ മുതലാണ് വില. ഡിസൈനര്‍ ഉള്‍പ്പടെയുള്ള വലിയ കമ്പനികളുടെ മാസ്‌ക്കുകള്‍ക്ക് 350 രൂപ വരെ വിലയുണ്ട്.
സുരക്ഷയുടെ ഭാഗമായി ഉപയോഗിക്കുന്ന സാനിറ്റൈസറിനും രണ്ടാം തരംഗത്തില്‍ വില കൂട്ടി.
സ്‌പ്രേ ചെയ്യുന്നവക്കാണ് വില കൂടിയത്. മാത്രമല്ല മൊത്തവിലയിലും വര്‍ധനവുണ്ടായി. നേരത്തെ ഓഫിസുകളിലും മറ്റും ഉപയോഗിച്ചിരുന്ന 5 ലിറ്റര്‍ പാക്കിന് 900 രൂപയായിരുന്നു വില. എന്നാല്‍ ഇന്നത് 1500 കടന്നു. 500 മില്ലി ലിറ്ററിന്റെ പാക്കിനും നൂറു രൂപയുടെ വര്‍ധനയുണ്ട്.
കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില അറിയാനുള്ള പള്‍സ് ഓക്‌സിമീറ്ററിനും ക്ഷാമമുണ്ട്. രോഗവ്യാപന ആശങ്കയില്‍ ആളുകള്‍ സ്വന്തം ആവശ്യത്തിന് വാങ്ങിക്കൂട്ടിയതിനാലാണ് ക്ഷാമമുണ്ടായതെന്ന് മെഡിക്കല്‍ വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 700 മുതല്‍ കിട്ടിയിരുന്ന ഓക്‌സിമീറ്ററിന് ഇപ്പോള്‍ 2000 രൂപ വരെയെത്തി. കമ്പനിക്കനുസരിച്ച് വില ഇനിയും കൂടും.
ഉയര്‍ന്ന എം.ആര്‍.പി രേഖപ്പെടുത്തിയാണ് ഇവയിലെല്ലാം വന്‍വില ഈടാക്കുന്നത്. ഓക്‌സിമീറ്ററിന് മുകളില്‍ 4000 രൂപയാണ് എം.ആര്‍.പി റേറ്റ് രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ ഡിമാന്റ് അനുസരിച്ച് വിലയില്‍ വര്‍ധനവുണ്ടാക്കുകയാണ്. സാനിറ്റൈസര്‍ 5 ലിറ്റര്‍ പാക്കിനു മുകളില്‍ 2250 രൂപയാണ് രേഖപ്പെടുത്തിയത്. കോട്ടന്‍ മാസ്‌കിനാവട്ടെ 50 മുതല്‍ 399 രൂപ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വിലവര്‍ധനക്കുപിന്നില്‍ കമ്പനികളാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം പ്രത്യേകമായി വിലകൂട്ടിയിട്ടില്ലെന്നും കൃത്രിമ ക്ഷാമമുണ്ടാക്കി ലാഭം കൊയ്യാനാണ് വ്യാപാരികള്‍ ശ്രമിക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്.
കോവിഡ് വ്യാപനഭീതിയില്‍ സുരക്ഷാമാര്‍ഗങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണം. കഴിഞ്ഞ കോവിഡ് സീസണില്‍ സാനിറ്റൈസര്‍ അടക്കമുള്ളവക്ക് വിലനിയന്ത്രണം ഉണ്ടായിരുന്നു. അതിനാല്‍ മിതമായ വിലയില്‍ ഇവ ലഭിച്ചിരുന്നു. കോവിഡ് കുറഞ്ഞപ്പോള്‍ ഡിമാന്റില്ലാതെയായ ഇവ ഈ സീസണിലാണ് ഉയര്‍ന്ന വിലയില്‍ വീണ്ടുമെത്തിയത്.