തൃശൂര്‍: മാഡം കെട്ടുകഥയല്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം.
നടിയെ ആക്രമിച്ചകേസില്‍ ഒരു മാഡമുണ്ടെന്ന് താന്‍ പറഞ്ഞത് കെട്ടുകഥയല്ല. സിനിമാമേഖലയില്‍ നിന്നുള്ളയാളാണ് മാഡം. വി.ഐ.പി പറഞ്ഞില്ലെങ്കില്‍ 16ന് ശേഷം മാഡത്തെ താന്‍ വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. മാഡം വി.ഐ.പിയാണെന്നും സുനി പ്രതികരിച്ചു.
നേരത്തേയും കേസില്‍ പല വെളിപ്പെടുത്തലുകളും സുനി മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയിരുന്നു. കേസില്‍ വന്‍സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പറഞ്ഞതിന് ശേഷമാണ് നടന്‍ ദിലീപിനെ അറസ്റ്റു ചെയ്യുന്നത്. അതിനുശേഷം ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി പറഞ്ഞിരുന്നു. കഥ പകുതിവരെ ആയിട്ടേയുള്ളുവെന്നാണ് ഒരിക്കല്‍ പറഞ്ഞത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസില്‍ കൂടുതല്‍ കൂടുതല്‍ പേരുണ്ടോയെന്ന ചോദ്യത്തിന് അത് ആലുവയിലെ വി.ഐ.പിയോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. എന്നാല്‍ ഇങ്ങനെ മാധ്യമങ്ങള്‍ക്കുമുന്നില്‍ നടത്തുന്ന പ്രതികരണം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള സുനിയുടെ തന്ത്രമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ മാഡം എന്ന് പറയുന്ന ഒരു സ്ത്രീയുണ്ടെന്ന് സുനി മുമ്പും പറഞ്ഞിരുന്നു. നടിയും ഗായികയുമായ റിമിടോമി, കാവ്യമാധവന്‍, അമ്മ ശ്യാമള എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തത് അതിനുശേഷമാണ്. അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് ഈ മാസം 22 തുടരുമെന്ന് അങ്കമാലി കോടതി പറഞ്ഞു.